ഇനി പകരക്കാരെ ഇറക്കി സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍

ലണ്ടന്‍: ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍ ഫുട്‌ബോളിന്റെ രാജ്യാന്തര നിയമപരിഷ്‌കരണ സമിതിയായ ‘ഇഫാബ്’ അംഗീകാരം നല്‍കി. വരുന്ന ജൂണ്‍ ഒന്നുമുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം പകരക്കാരെ ഇറക്കി സമയംകൂട്ടാന്‍ ഒരു ടീമിന് സാധ്യമല്ല. മോശമായി പെരുമാറുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് മഞ്ഞ ചുവപ്പു കാര്‍ഡുകള്‍ ആവശ്യംപോലെ ഉയര്‍ത്താമെന്നതാണു മറ്റൊരു നിയമം.

ഇഫാബിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനത്തിന് അംഗീകാരമായത്. സ്‌കോട്ടിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫിഫ ഔദ്യോഗിക അംഗങ്ങള്‍, ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസോസിയേഷനുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ തന്നെ തീരുമാനിച്ചിരുന്ന നിയമങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി.

ഇനിമുതല്‍ ഫ്രീകിക്ക് എടുക്കുമ്പോള്‍ കിക്ക് എടുക്കുന്ന ടീമിലെ കളിക്കാര്‍ക്ക് പ്രതിരോധമതിലിനൊപ്പം നില്‍ക്കാനാകില്ല. അതുപോലെ റഫറിയുടെ കാലില്‍ തട്ടിയ പന്തില്‍ ഡ്രോപ് ബോള്‍ നല്‍കാവുന്നതാണ്. പെനാല്‍റ്റി കിക്കെടുക്കുമ്പോള്‍ ഗോള്‍കീപ്പറുടെ ഒരു കാല്‍ ഗോള്‍ലൈനില്‍ ടച്ച് ചെയ്യണം. ഗോള്‍കിക്ക് അഥവാ ഫ്രീകിക്ക് ആയിട്ടുള്ള പന്ത് പെനല്‍റ്റി ഏരിയ കടക്കും മുന്‍പേ മറ്റൊരാള്‍ ഏറ്റെടുത്ത് കളി തുടരാം എന്നതാണ് മറ്റൊരു നിയമം.

You must be logged in to post a comment Login