ഇനി മരണത്തിന് ലൈക്കടിക്കണ്ട; പുതിയ ഇമോഷന്‍ സാധ്യതകളുമായി ഫെയ്‌സ്ബുക്ക്

ദുരന്തം തുടങ്ങിയ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യുന്നതിന് പകരം മറ്റൊരു സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പുതിയ ഫീച്ചറുകള്‍ക്ക് ഈ പരാതികള്‍ പരിഹരിക്കാനാകും.


Reactions

കലിഫോര്‍ണിയ: ലൈക്ക് ബട്ടണ് കൂടുതല്‍ മോടി പകര്‍ന്നും അഞ്ച് പുതിയ ഇമോഷന്‍ ബട്ടണുകള്‍ ചേര്‍ത്തും ഫെയ്‌സ്ബുക്കില്‍ പുതിയ പരിഷ്‌ക്കാരം. അതേസമയം അനിഷ്ടം പ്രകടിപ്പിക്കാനുള്ള ഡിസ് ലൈക്ക് ബട്ടണ്‍ അനുവദിച്ചിട്ടില്ല. ലൈക്ക് ബട്ടണ് പുറമെ ലൗ, ആംഗ്രി, സാഡ്, ഹഹ, വൗ ബട്ടണുകളാണ് പുതുതായി ചേര്‍ത്തത്. മരണം, വിവാഹ ബന്ധം വേര്‍പിരിയല്‍, അപകടം, ദുരന്തം തുടങ്ങിയ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യുന്നതിന് പകരം മറ്റൊരു സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പുതിയ ഫീച്ചറുകള്‍ക്ക് ഈ പരാതികള്‍ പരിഹരിക്കാനാകും.

അയര്‍ലണ്ട്. ജപ്പാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ ഫീച്ചറായി ഇവ നല്‍കിയിരിക്കുന്നത്. ലൈക്ക് ബട്ടണ് മേല്‍ മൗസ് എത്തുമ്പോള്‍ പോപ്പ്അപ്പ് ആയി ഇമോഷനുകളടങ്ങുന്ന പുതിയ ലിസ്റ്റ് പൊങ്ങിവരും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ടാബുകളിലും മൗബാലുകളിലും ലൈക്ക് ബട്ടണില്‍ അമര്‍ത്തിപ്പിടിക്കുമ്പോഴാകും പോപ്പ്അപ്പ് ആയി ഇമോഷനുകള്‍ പ്രത്യക്ഷപ്പെടുക.

ഫെയ്‌സ്ബുക്ക് ബ്ലോഗ്‌പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലൈക്കിനെ പോലെ പ്രതികരണങ്ങള്‍ക്കും കൂടുതല്‍ ശക്തിയുണ്ടെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവകളിലാകും ഇവ ലഭിക്കുക. ഇതിനായി ഫെയ്‌സ്ബുക്കിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഇവ എത്തുന്ന കാര്യം വ്യക്തമല്ല. വെബ് ബ്രൗസറുകളില്‍ ഈ ഫീച്ചറുകള്‍ ഓട്ടോമാറ്റിക് ആയി എത്തും.

You must be logged in to post a comment Login