ഇനി സെലക്ഷൻ കമ്മറ്റിയിൽ പരിചയസമ്പന്നരായ താരങ്ങൾ; സമൂല മാറ്റത്തിനൊരുങ്ങി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയെപ്പറ്റി വ്യാപകമായ ആരോപണങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉയർന്നിരുന്നു. ക്രിക്കറ്റിനെപ്പറ്റി കൃത്യമായ ബോധമില്ലാത്തവരും പരിചയ സമ്പത്ത് ഇല്ലാത്തവരും കമ്മറ്റിയിൽ ഉണ്ടെന്നും അത് ടീം തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ടെന്നും വിമർശനങ്ങളുയർന്നു. ലോകകപ്പ് ടീമിൽ നാലാം നമ്പർ താരത്തെ കണ്ടെത്താൻ കഴിയാത്തതും ഋഷഭ് പന്തിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നതും എംഎസ്കെ പ്രസാദിനു കീഴിലുള്ള സെലക്ഷൻ കമ്മറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളായിരുന്നു. അതൊക്കെ തിരുത്താൻ ബിസിസിഐ തയ്യാറെടുക്കുന്നു എന്നതാണ് പുതിയ വിവരം.

ഇനിയുള്ള സെലക്ഷൻ കമ്മറ്റികളിൽ പരിചയ സമ്പന്നരായ മുൻ കളിക്കാരെ ഉൾപ്പെടുത്തുമെന്നാണ് സൂചന. നിലവിലുള്ള സെലക്ഷൻ കമ്മറ്റിയെ പൂർണ്ണമായി പിരിച്ചു വിടും. നാലു വർഷത്തെ കാലാവധിയാവും ഇനിയുള്ള സെലക്ഷൻ കമ്മറ്റികൾക്ക് ഉണ്ടാവുക. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തന്നെ ഇക്കാര്യത്തിൽ മുൻകൈ എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ക്രിക്കറ്റ് ഉപദേശക സമിതിയാണ് സെലക്ഷൻ കമ്മറ്റിയെ നിയമിക്കേണ്ടത്. കപിൽ ദേവിനു കീഴിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സമിതിയെ ഉടൻ തെരഞ്ഞെടുത്ത് അവർ സെലക്ഷൻ കമ്മറ്റിയെ നിയമിക്കും. അടുത്ത വർഷം ജനുവരിയിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരക്ക് മുൻപു തന്നെ ഇക്കാര്യത്തിൽ ധാരണയായേക്കും.

You must be logged in to post a comment Login