ഇന്തോനേഷ്യയിലെ സുനാമി; മുപ്പതോളം പേര്‍ മരിച്ചു

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി.

ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അരമണിക്കൂറിനകം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ ചലനങ്ങള്‍ 6.7 വരെ രേഖപ്പെടുത്തി. തീരത്തേക്ക് സുനാമി തിരമാലകളടിക്കുന്ന ദൃശ്യം ഇന്തോനേഷ്യന്‍ ടി.വി. പുറത്തുവിട്ടു.

മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ചെറുനഗരം ഡോംഗല എന്നിവിടങ്ങളിലാണ് തിരമാലകള്‍ ആഞ്ഞടിച്ചതെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വൊ നഗ്രൊഹൊ പറഞ്ഞു. വീടുകള്‍ ഒഴുകിപ്പോയി. ഒട്ടേറെ കുടുംബങ്ങളെ കാണാതായി.

പ്രദേശത്തേക്കുള്ള വാര്‍ത്താവിനിമയബന്ധം തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ. പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേഖലയിലേക്ക് ശനിയാഴ്ച രാവിലെ കൂടുതല്‍ രക്ഷാസംവിധാനങ്ങള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

Jer Dixon

@JeremyDixonDJ

This is bloody terrifying to watch.. like something from a disaster movie. A tsunami hitting Indonesia earlier today.

പാലുവില്‍ ശക്തമായ തിരമാല അടിക്കുന്നതിന്റെയും ജനം പരിഭ്രാന്തരായി ഓടുന്നതിന്റെയും ചിത്രങ്ങളാണ് ഇന്തോനേഷ്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്. ഭൂചലനത്തെ തുടര്‍ന്ന് പാലുവിലെ വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കയാണ്.

സുലവേസിയില്‍ ഒട്ടേറെ വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യപടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ മാസങ്ങള്‍ക്കുമുമ്പുണ്ടായ ഭൂചലനത്തില്‍ 500ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

2004 ഡിസംബറില്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

You must be logged in to post a comment Login