ഇന്ത്യക്ക് ഇന്നിങ്‌സ് ജയം; 300 പോയിന്റ്

ഇന്ത്യക്ക് ഇന്നിങ്‌സ് ജയം; 300 പോയിന്റ്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. ഒരിന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഒന്നാമിന്നിങ്‌സില്‍ ബംഗ്ലാദേശിന് 150 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‌സെയടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 343 റണ്‍സിന്റെ ലീഡിനെതിരേ രണ്ടാമിന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം തന്നെ ഔള്‍ ഔട്ടായി.

രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് 69.2 ഓവറില്‍ 213 റണ്‍സിനാണ് ഓള്‍ഔട്ടായത്. 150 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹിദി ഹസന്‍ 38 ഉം ലിറ്റണ്‍ ദാസ് 35 ഉം റണ്‍സെടുത്തു. ശദ്മാന്‍ ഇസ്‍ലാം (6), ഇമറുല്‍ കെയ്‌സ് (6), മൊമിനുള്‍ ഹഖ് (7), മുഹമ്മദ് മിഥുന്‍ (18), മഹ്‍മൂദുള്ള (15), തൈജുല്‍ ഇസ്‍ലാം (6), എബാദത്ത് ഹൊസൈന്‍ (1) എന്നിവരാണ് നിസാര സ്‌കോറിന് പുറത്തായത്. നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ആര്‍. അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും ഇശാന്ത് ശര്‍മ്മിള ഒരു വിക്കറ്റും വീഴ്ത്തി.

ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ആറാം ടെസ്റ്റും ജയിച്ച ഇന്ത്യ 300 പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് ആകെയുള്ളത് 60 പോയിന്റ് മാത്രം! പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 22 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

You must be logged in to post a comment Login