ഇന്ത്യന്‍ ഓപ്പണില്‍ സൈന എട്ടാം സീഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ആതിഥേയരുടെ നമ്പര്‍  വണ്‍ താരം സൈന നെഹ്‌വാള്‍ എട്ടാം സീഡ്. ലോക റാങ്കിങ്ങില്‍ എട്ടാമതുള്ള സൈന മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ സീഡിങ് ലഭിച്ച താരം.
ഏപ്രില്‍ 1 മുതല്‍ ആറ് വരെ സിരി ഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിലാണ് ടൂര്‍ണമെന്റ്. ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ സിമോണ്‍ പ്രുഷ് ആണ് സൈനയുടെ എതിരാളി. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഒളിംപിക് ചാമ്പ്യനുമായ ചൈനയുടെ ലിയു സുരുയി ആണ് ഇന്ത്യന്‍ ഓപ്പണിലെ ടോപ് സീഡ്.


നിലവിലുള്ള ചാമ്പ്യനും നാലാം റാങ്കുകാരിയുമായ തായ്‌ലന്‍ഡിന്റെ രചനോക് ഇന്റനോണ്‍ നാലാം സീഡും. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് ആദ്യ മത്സരത്തില്‍ രണ്ടാം സീഡ് ചൈനീസ് താരം ഷിസിയാന്‍ വാങ്ങിനെ നേരിടണം.
തന്‍വി ലഡ്, തൃപ്തി മരുഗുണ്ടെ, പി.സി. തുളസി, സൈലി റാണെ, അരുന്ധതി പന്തവനെ എന്നിവരാണ് ഇന്ത്യന്‍ ഓപ്പണില്‍ പോരാടാനിറങ്ങുന്ന മറ്റ് വനിതാ താരങ്ങള്‍. പുരുഷ സിംഗിള്‍സില്‍ നിലവിലുള്ള ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ ലി ചോങ് വെയ് ആണ് ടോപ് സീഡ്.
പി. കശ്യപ്, സൗരഭ് വര്‍മ, ആര്‍എംവി ഗുരുസായി ദത്ത്, ബി. സായ് പ്രണീത്, കെ. ശ്രീകാന്ത്, ആനന്ദ് പവാര്‍, എച്ച്എസ് പ്രണോയ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ പുരുഷ സിംഗിള്‍സിലും മത്സരിക്കും. ഡബിള്‍സിലും ഇന്ത്യന്‍ ജോടികള്‍ മത്സരിക്കാനിറങ്ങും.

You must be logged in to post a comment Login