ഇന്ത്യന്‍ കരുത്തില്‍ തകര്‍ന്നടിഞ്ഞ് അര്‍ജന്റീന; ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഇത് ചരിത്ര വിജയം

അര്‍ജന്റീനയുടെ കരുത്തിനെ തകര്‍ത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ യുവതാരങ്ങള്‍. ഇന്ത്യയുടെ അണ്ടര്‍ 20 ടീമാണ് സ്‌പെയിനില്‍ നടന്ന കോര്‍ടിഫ് കപ്പില്‍ ആറ് തവണ ലോകചാംപ്യന്‍മാരായ അര്‍ജന്റീനയെ മട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. അമ്പതാം മിനിറ്റ് മുതല്‍ പത്ത് പേരെയും വെച്ച് കളിക്കേണ്ടി വന്നെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു. ടാംഗ്രിയാണ് ഗോള്‍ നേടിയത്. അമ്പതാം മിനിറ്റില്‍ അങ്കിത് ജാവേദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ ആണ് അര്‍ജന്റീന അവരുടെ ആശ്വാസ ഗോള്‍ നേടിയത്. ലോക ഫുടാബോളില്‍ ഇന്ത്യയ്ക്ക് കാര്യമില്ല എന്ന് പരിഹസിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയത്തിലൂടെ നല്‍കിയത്. ഏഷ്യന്‍ കരുത്തരായ ഇറാഖിനെയും ലാറ്റിനമേരിക്കന്‍ ശക്തിയായ അര്‍ജന്റീനയെയും തോല്‍പിച്ച ഇന്ത്യന്‍ ഫുട്‌ബോളിന് വിജയത്തിളക്കത്തിന്റെ നിമിഷങ്ങളാണ്. ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്കുമേലുള്ള ആദ്യ ജയത്തോടെ ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

അണ്ടര്‍ 16 വാഫ് ചാംപ്യന്‍ഷിപ്പില്‍ ജോര്‍ദാനെ 4-0ത്തിന് തോല്‍പിച്ച ഇന്ത്യയെ ആരും കണക്കിലെടുത്തില്ല. എന്നാല്‍ അണ്ടര്‍ 16 ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാഖിനെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്‍പിച്ചതോടെ കഥ മാറുകയായരുന്നു. ഇറാഖിന്റെ ആക്രമണത്തെയും പ്രതിരോധത്തെയും ഫലപ്രദമായി ചെറുക്കുകയും തകര്‍ക്കുകയും ചെയ്ത ഇന്ത്യ കളിയുടെ ഇഞ്ചുറി ടൈമില്‍ അര്‍ഹിച്ച ജയം നേടി. ഭുവനേഷിന്റെ ഹെഡര്‍ ഏഷ്യന്‍ ചാംപ്യന്‍മാരെ തകര്‍ത്തു. ഗ്രൂപ്പിലെ രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്കുള്ള സാധ്യത സജീവമാക്കി. ജപ്പാനോട് ഒന്നിനെതിരെ രണ്ടുഗോളിന് തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ ജപ്പാനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

അണ്ടര്‍ 20കോട്ടിഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ആറുതവണ ലോക കിരീടം നേടിയ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ കളിയുടെ എല്ലാമേഖലയിലും നിഷ്പ്രഭരാക്കി. മധ്യനിരയിലെ മികച്ച ആസൂത്രണവും മുന്നേറ്റ നിരയുടെ ഫിനിഷിങ്ങും ഗോളി പ്രഭുസുഖന്‍ ഗില്ലിന്റെ മാസ്മരിക പ്രകടനവും ജയത്തില്‍ നിര്‍ണായകമായി. കളിയുടെ നാലാം മിനിറ്റില്‍ നിന്തോയി ദീപക് താങ്കിരി സഖ്യത്തിന്റെ ആക്രമണത്തിന്റെ ഫലമായിരുന്നു താങ്കിരിയുടെ ഗോള്‍. 50ാം മനിറ്റില്‍ ഇന്ത്യയ്ക്ക് അനികേത് യാദവിനെ നഷ്ടമായ സമയത്ത് അര്‍ജന്റീന ആവേശത്തിലായിരുന്നു. 56ാം മിനിറ്റിലും 61ാം മിനിറ്റിലും അര്‍ജന്റീനയുടെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഇന്ത്യന്‍ ഗോളി ഗില്‍ തട്ടിയകറ്റി. 68ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അന്‍വര്‍ അലി അര്‍ജന്റീനയുടെ വലയിലാക്കിയതോടെ കളി ഇന്ത്യന്‍ വരുതിയിലായി. 72ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി അര്‍ജന്റീന ആശ്വസിച്ചു.

അര്‍ജന്റീയെ തോല്‍പിച്ചെങ്കിലും കോട്ടിഫ് കപ്പില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. വെനസ്വേലയോടെ ഗോള്‍രഹിത സമനില പിടിച്ച ഇന്ത്യ മൗരിറ്റാനയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. മര്‍സിയാനയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. എന്നാല്‍ ഗ്രൂപ്പിലെ ശക്തന്മാര്‍ക്കെതിരെ അമ്പരിപ്പിക്കുന്ന ജയം സ്വന്തമാക്കി രാജ്യാന്തര ഫുട്‌ബോളിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് എത്തിച്ചു.

You must be logged in to post a comment Login