ഇന്ത്യന്‍ നിര്‍മിത കാര്‍ ഇറക്കുമതി: മെക്‌സിക്കോ ഒന്നാമത്

cars.jpg.image.784.410

ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയുടെ സിംഹഭാഗവും യു എസിനും മധ്യ അമേരിക്കയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമായ മെക്‌സിക്കോയിലേക്ക്. രണ്ടാം സ്ഥാനത്തുള്ള നേപ്പാളും മൂന്നാം സ്ഥാനത്തുള്ള യു കെയുമൊക്കെ മെക്‌സിക്കോയെ അപേക്ഷിച്ചു ബഹുദൂരം പിന്നിലാണ്. കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇരുചക്ര ത്രിചക്ര വാഹനങ്ങള്‍ക്കും പുറമെ വാഹന നിര്‍മാണത്തിനുള്ള ഘടകങ്ങളും ഇന്ത്യ ഗണ്യമായ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതിയും വാഹനങ്ങളും വാഹന നിര്‍മാണത്തിനുള്ള ഘടകങ്ങളും തന്നെ. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ അപൂര്‍വം മേഖലകള്‍ക്കൊപ്പമാണ് വാഹന വ്യവസായത്തിന്റെ സ്ഥാനം.

കഴിഞ്ഞ ഏപ്രില്‍ ജൂലൈ കാലത്തെ എന്‍ജിനീയറിങ് വിഭാഗത്തിലെ കയറ്റുമതി മുന്‍വര്‍ഷം ഇതേ കാലത്തെ 2,152 കോടി ഡോളറിനെ അപേക്ഷിച്ച് 5.82% ഇടിവോടെ 2,027 കോടി ഡോളറായപ്പോള്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ നാലു ശതമാനത്തോളം വര്‍ധനയാണു രേഖപ്പെടുത്തിയത്. ഏപ്രില്‍ — ജൂലൈ കാലത്തു മൊത്തം 278 കോടി ഡോളര്‍ വില മതിക്കുന്ന വാഹനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്; ഇതില്‍ 50.10 കോടി ഡോളറിന്റെ കയറ്റുമതിയിലും മെക്‌സിക്കോയിലേക്കായിരുന്നു. നേപ്പാളിലേക്കുള്ള കയറ്റുമതിയുടെ മൂല്യം 15.70 കോടി ഡോളറും യു കെ യിലേക്കുള്ളതിന്റെ മൂല്യം 13 കോടി ഡോളറുമാണെന്നാണ് എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍(ഇ ഇ പി സി) ഓഫ് ഇന്ത്യയുടെ കണക്ക്.

മെക്‌സിക്കോയിലേക്കുള്ള വാഹന കയറ്റുമതിയില്‍ 110% വളര്‍ച്ചയും നേപ്പാളിലേക്കുള്ള കയറ്റുമതിയില്‍ 120% വളര്‍ച്ചയുമുള്ളപ്പോള്‍ യു കെയിലേക്കുള്ള വാഹന കയറ്റുമതിയിലെ വര്‍ധന 22% മാത്രമാണ്. കടല്‍ മാര്‍ഗം മെക്‌സിക്കോയിലെത്താന്‍ ദൂരമേറെ പിന്നിടണമെന്നത് ആ രാജ്യത്തേക്കുള്ള വാഹന കയറ്റുമതിയെ ബാധിക്കുന്നില്ലെന്ന് ഇ ഇ പി സി ചെയര്‍മാന്‍ ടി എസ് ഭാസിന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള മൊത്തം വാഹന കയറ്റുമതിയില്‍ 18 ശതമാനത്തോളം പോകുന്നത് മെക്‌സിക്കന്‍ വിപണിയിലേക്കാണ്. അടുത്തു തന്നെ മെക്‌സിക്കോയില്‍ നടക്കുന്ന എക്‌സ്‌പോ കൂടിയാവുന്നതോടെ വാഹന കയറ്റുമതി ഇനിയുമുയരുമെന്നാണു ഭാസിന്റെ പ്രതീക്ഷ. മെക്‌സിക്കോയ്ക്കും നേപ്പാളിനും യു കെയ്ക്കും പുറമെ ശ്രീലങ്ക, ദക്ഷിണ ആഫ്രിക്ക, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ കയറ്റുമതി വഴി വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.

You must be logged in to post a comment Login