ഇന്ത്യന്‍ നിര്‍മ്മിത ‘ വെസ്പ ‘ ശ്രീലങ്കന്‍ വിപണിയിലേക്ക്

ഇന്ത്യയില്‍ നിര്‍മിച്ച ‘വെസ്പ’, ‘അപ്രിലിയ എസ് ആര്‍ 150’ സ്‌കൂട്ടറുകള്‍ ശ്രീലങ്കയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയൊ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(പിവിപിഎല്‍) ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയില്‍ നിര്‍മിക്കുന്ന ‘വെസ്പ’ നിരയിലെ എല്‍ എക്‌സ്’, ‘വി എക്‌സ് എല്‍’, ‘എസ് എക്‌സ് എല്‍ 125’, ‘ഇ എല്‍ ഇ 125’, ‘വി എക്‌സ് എല്‍ 150’, ‘എസ് എക്‌സ് ഐ 150’, ‘എസ് എക്‌സ് എല്‍ 150’ സ്‌കൂട്ടറുകളാണു ശ്രീലങ്കയില്‍ വില്‍പ്പനയ്‌ക്കെത്തുക. 325,008 മുതല്‍ 4,18,747 വരെ ശ്രീലങ്കന്‍ രൂപ(ഏകദേശം 1.36 – 1.76 ലക്ഷം ഇന്ത്യന്‍ രൂപ)യാവും ഇവയുടെ വില. അതേസമയം ‘അപ്രിലിയ എസ് ആര്‍ 150’, ‘എസ് ആര്‍ 150 റേസ്’ എന്നിവയ്ക്ക് യഥാക്രമം 3,31,954 ശ്രീലങ്കന്‍ രൂപ(ഏകദേശം 1.39 ലക്ഷം ഇന്ത്യന്‍ രൂപ)യും 3,39,485 ശ്രീലങ്കന്‍ രൂപ(ഏകദേശം 1.42 ലക്ഷം ഇന്ത്യന്‍ രൂപ)യുമാവും വില.

ഇന്ത്യയില്‍ നിര്‍മിച്ച സ്‌കൂട്ടറുകള്‍ പിയാജിയൊ നിലവില്‍ നേപ്പാളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു ശ്രീലങ്കയിലേക്കു കൂടി വില്‍പ്പന വ്യാപിപ്പിക്കുന്നതെന്ന് പിവിപിഎല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ചുമതലയേറ്റ ഡിയഗൊ ഗ്രാഫി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ പുതിയ നിലവാരം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഈ മോഡലുകള്‍ക്ക് വിദേശ വിപണികളിലും മികച്ച സ്വീകാര്യത ലഭ്യമാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വെസ്പയുടെ പുത്തന്‍ ശ്രേണി 2012 ഏപ്രിലിലാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. ‘അപ്രിലിയ എസ് ആര്‍ 150’ അരങ്ങേറിയതാവട്ടെ കഴിഞ്ഞ വര്‍ഷവും. 125 സി സി, മൂന്നു വാല്‍വ് എന്‍ജിനില്‍ രണ്ടു സാധ്യതകളാണ് ‘വെസ്പ’യില്‍ പിയാജിയൊ വാഗ്ദാനം ചെയ്യുന്നത്. 7500 ആര്‍പിഎമ്മില്‍ 10 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 10.6 എന്‍എംടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനും 7,000 ആര്‍പിഎമ്മില്‍ 11 ബി എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 11.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനും. ‘അപ്രിലിയ എസ് ആര്‍ 150’, ‘എസ് ആര്‍ 150 റേസ്’ എന്നിവ എത്തുന്നത് 154.4 സി സി, സിംഗിള്‍ സിലിണ്ടര്‍, മൂന്നു വാല്‍വ്, എയര്‍ കൂള്‍ഡ് എന്‍ജിനുമായാണ്. 7,000 ആര്‍പിഎമ്മില്‍ 10.4 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 11.5 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോടെയാണു പിയാജിയൊ ശ്രേണിയിലെ സ്‌കൂട്ടറുകളുടെയെല്ലാം വരവ്.

You must be logged in to post a comment Login