ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ജനുവരി 25, ദേശീയ ടൂറിസം ദിനമാണ്. സഞ്ചാരത്തിന്റെ പ്രാധാന്യവും സാധ്യതയും മനസിലാക്കാന്‍ ഒരു ദിനം. ടൂറിസം മേഖലയിലെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇന്ത്യയില്‍ വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. വിഭിന്ന സംസ്കാരങ്ങളുടെ സമ്മേളനഭൂമിയായ ഭാരതത്തില്‍ വിനോദസഞ്ചാര മേഖലയ്ക്ക് അനന്തസാധ്യതയാണുള്ളത്. സാമ്പത്തികമായി മാത്രമല്ല, രാജ്യാന്തര സഹകരണത്തിനും സംസ്കാരികമായ ഉന്നതിക്കും യാത്രകള്‍ ഏറെ സഹായിക്കുന്നുണ്ട്.

ഈ വിനോദസഞ്ചാരദിനത്തില്‍ ഇന്ത്യയിലെ പ്രശസ്തവും മനോഹരവുമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ ഒരു യാത്ര പോകാം…..
ഇന്ത്യ കാണാനിറങ്ങുമ്പോള്‍ നിശ്ചയമായും സഞ്ചരിക്കേണ്ടതായ ചില സ്ഥലങ്ങളുണ്ട്.

ഗോവ

മനം മയക്കുന്ന കടലോരങ്ങള്‍

എത്ര കണ്ടാലും കണ്ടാലും മതിവരാത്തതാണ് കടല്‍. മനംമയക്കുന്ന ഗോവയുടെ കടല്‍ത്തീരം ലോകപ്രശസ്തമാണ്.  നീല ജലപരപ്പും സ്വര്‍ണ മണലും തെങ്ങിന്‍തോപ്പുകളും ഹൃദ്യമായ കാലാവസ്ഥയും ടൂറിസത്തെ സ്വാഗതം ചെയ്യുന്ന ജനങ്ങളും ഒക്കെ ചേരുമ്പോള്‍ ഈ കടല്‍ത്തീരങ്ങള്‍ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. പനാജിയിലും അതിനടുത്തുമായി കടല്‍ പ്രധാന കരയിലേക്ക് കയറിക്കിടക്കുന്നുണ്ട്. കളംകുത്ത്, കോള്‍വ, ഡോണ, പോള, തുടങ്ങിയവ ഗോവയിലെ പ്രശസ്തമായ കടല്‍ത്തീരങ്ങളാണ്. നാല്‍പതിലധികം പ്രധാന ബീച്ചുകള്‍ ഗോവയിലുണ്ട്. തലസ്ഥാനമായ പനാജി, പള്ളികള്‍ നിറഞ്ഞ വെല്‍വ ഗോവ, സി കത്തീഡ്രല്‍ എന്നറിയപ്പെടുന്ന സെന്റ് കാതറിന്‍ ചര്‍ച്ച്, റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചര്‍ച്ച് ഓഫ് സെന്ഡറ് കാജെറ്റാന്‍, സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്, സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്, സെന്റ് മോണിക്ക ചര്‍ച്ച് തുടങ്ങിയവയെല്ലാം പ്രധാന കാഴ്ചകളാണ്. കാണക്കോണയിലെ മല്ലികാര്‍ജ്ജുന ക്ഷേത്രം കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്.

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ പള്ളികളും പ്രാചീന കെട്ടിടങ്ങളും ഗോവയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ബോം ജീസസ് ബസലിക്കയാണ് ഗോവയിലെ ഏറ്റവും പ്രശസ്തമായ ക്രിസ്തുമസത ദേവാലയം. വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇവിടെയാണുള്ളത്. 10 വര്‍ഷത്തിലൊരിക്കല്‍ സെന്റ് ഫ്രന്‍സിസ് സേവ്യറുടെ മൃതശരീരം പുരത്തെടുത്ത് പൊതുദര്‍ശനത്തിന് വയ്ക്കാറുണ്ട്. 2004 ലാണ് അവസാനമായി ഇത് പുറത്തെടുത്തത്. ഇന്ത്യിലെ ആദ്യകാല ക്രിസ്തുമത ദേവായലയങ്ങളിലൊന്നായ ബോം ജീസസ് ബസലിക്ക 1969ലാണ് നിര്‍മ്മിച്ചത്.

ആന്ധ്രാപ്രദേശ്

ചാര്‍മിനാറും തിരുപ്പതിയും

വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും പേരുകേട്ട നിരവധി സ്ഥലങ്ങള്‍ ആന്ദ്രാപ്രദേശിലുണ്ട്. തലസ്ഥാനനഗരമായ ഹൈദരാബാദിലെ പ്രധാന കാഴ്ചയാണ് ചാര്‍മിനാര്‍. പ്ലേഗ് എന്ന മഹാവിപത്തിനെ നിര്‍മാര്‍ജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി 1591ല്‍ മുഹമ്മദ് അലി എന്ന നൈസാം ആണ് ഈ സാമാരകം പണികഴിപ്പിച്ചത്. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ബിര്‍ള മന്ദിര്‍, ബുദ്ധമതാവശിഷ്ടങ്ങള്‍ക്ക് പേരുകേട്ട നാഗാര്‍ജ്ജുനകോണ്ട, നാഗാര്‍ജ്ജുന സാഗര്‍ അണക്കെട്ട് തുടങ്ങിയവ ഹൈദരാബാദിലെ കാഴ്ചകളാണ്. ശതവാഹന രാജാക്കന്മാരുടെ തലസ്താനമായ അമരാവതി, ശില്പഭംഗിയുള്ള കെട്ടിടസമുച്ചയങ്ങള്‍ക്ക് പ്രസിദ്ധമായ ലോപാക്ഷി, പ്രാചീന കോട്ടയും കെട്ടിടങ്ങളുമുള്ള ഗോല്‍കോണ്ട എന്നിവ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ്. തിരുപ്പതി, തിരുമല, കാളഹസ്തി, സിംഹാചലം, ഭദ്രാചലം, പുട്ടപര്‍ത്തി തുടങ്ങിയ സ്ഥലങ്ങള്‍ തീര്‍ത്ഥാടനത്തിന് പേരുകേട്ടവയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരുവും ആന്ധ്രാപ്രദേശിലാണ്.

മഹാരാഷ്ട്ര

യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട നാലു സ്ഥലങ്ങള്‍ മഹാരാഷ്ട്രയിലുണ്ട് അജന്തയിലേയും എല്ലോറയിലെ ചില ചിതഎ്‌രങ്ങളും കൊത്തുപണികളും. ബുദ്ധമത അനുയായികളാണ് ഈ ഗുഹയിലെ ചില ചിത്രങ്ങളും കൊത്തുപണികളും. ബുദ്ധമത വിഹാരങ്ങള്‍ക്കായി പാറ തുരന്നുണ്ടാക്കിയ 29 ഗുഹകള്‍ ഇവിടെയുണ്ട്. ശ്രീ ബുദ്ധന്റെ സന്ദേശങ്ഹളും ജാതകകഥകളുമാണ് ഇവിടത്തെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും വിഷയം. പ്രാചീനമായ ചിത്രങ്ങളോടൊപ്പം പില്‍ക്കാലത്ത് വരച്ച ചില ചിത്രങ്ങളും അജന്തയിലുണ്ട്. ചാലൂക്യ രാജാവായ പുലികേശി രണ്ടാമന്‍ പേര്‍ഷ്യന്‍ രാജാവിന്റെ പ്രതിനിധി കളെ സ്വീകരിക്കുന്നതിന്റെ ചിത്രം ഇവിടെ കാണാം. പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നും ഉണ്ടാക്കിയ ചായങ്ങളുപയോഗിച്ചാണ് അജന്തയിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 1983ലാണ് ഈ ഗുഹകള്‍ ലോക പൈതൃകപട്ടികയില്‍ ചേര്‍ത്തത്.

2004ല്‍ ലോകപൈതൃകപട്ടികയില്‍ ചേര്‍ത്ത മനോഹരമായ കെട്ടിടസമുച്ചയമാണ് ഛത്രപതി ശിവജി ടെര്‍മിനസ്. പാശ്ചാത്യ ശില്പമാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റെയില്‍വേ സ്‌റ്റേഷന്‍ കുറേക്കാലം മുന്‍പ് വരെ വിക്ടോറിയ ടെര്‍മിനസ് എന്നാണ് അറിയപ്പെടുന്നത്.

പശ്ചിമ ബംഗാള്‍

 ഡാര്‍ജിലിങ്ങ്
ഡാര്‍ജിലിങ് പശ്ചിമബംഗാളിലെ  ഒരു പ്രധാന സുഖവാസകേന്ദ്രം. തേയിലത്തോട്ടങ്ങളും ബുദ്ധമത ആശ്രമങ്ങളും ഇവിടെ ധാരാളമുണ്ട്. ഡാര്‍ജിലിങ്ങിലെ മലകയറിപോകുന്ന ടോയ് ട്രെയിന്‍ ലോകപ്രസിദ്ദമാണ്. ഡാര്‍ജിലിങ്ങിനടുത്താണ് ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. മലകയറ്റ ഉപകരണങ്ങളും ഹിമാലയത്തിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും മാതൃകകളും ഇവിടെയുണ്ട്.
kashmirggg
ജമ്മു കാശ്മീര്‍

ദാല്‍ തടാകവും അമര്‍നാഥും

സുഖവാസത്തിന് പേരുകേട്ട പ്രദേശമാണ് കാശ്മീര്‍. മുഗള്‍കാലഘട്ടം മുതല്‍ തന്നെ വിനോദ സഞ്ചാരത്തിനായി കാശ്മീരില്‍ ആളുകള്‍ എത്തിയരുന്നു. മുഗല്‍ രാജാക്കന്‍മാര്‍ നിര്‍മ്മിച്ച ചില പൂന്തോട്ടങ്ങള്‍ ഇപ്പോഴും കാശ്മീരിലാണ്. ദാല്‍ തടാകമാണ് വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ചെറുവീടുകള്‍ പോലെ ഒരുക്കിയിരിക്കുന്ന വള്ളങ്ങളാണ് ഇവിടെയുള്ളത്. പഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രസിദ്ധി നേടിയ ധാരാളം തീര്‍ത്ഥാടനകേന്ദ്രങ്ങളും കാശ്മീരിലുണ്ട്. അമര്‍നാഥ്, വൈഷ്‌ണോദേവി എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍. ഹസ്രത്ത് ബല്‍പള്ളിയില്‍ നിരവധി വിശ്വാസികള്‍ എത്തുന്നു. മുഹമ്മദ് നബിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന മുടി ഇവിടെ സൂക്ഷിക്കുന്നുണ്ട്.

ഹിമാലയന്‍ താഴ്‌വരയിലെ വനങ്ങള്‍ പ്രകൃതി ഭംഗിക്ക് പേരുകേട്ടതാണ്. ജമ്മു കാശ്മീരിന്റെ പടിഞ്ഞാറുഭാഗത്താണ് വനങ്ങള്‍ അധികമുള്ളത്. തണുപ്പു കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വ്വമായ പല വൃക്ഷങ്ങളും വളരുന്നു. കിഷ്താവര്‍, സിറ്റി ഫോറസ്റ്റ്, ഡാച്ചിഗം, ഹെമിസ് ഹൈ ആള്‍റ്റിറ്റിയൂഡ് എന്നിവ ജമ്മു കാശ്മീരിലെ ദേശീയോദ്യാനങ്ങളാണ്. ഹിമപ്പുലികളെ ഇന്ത്യയില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ഹെമിസ് ഹൈ ആള്‍റ്റിറ്റിയൂഡ് എന്ന പ്രദേശത്താണ്. കിഷ്താവര്‍ ദേശീയോദ്യാനത്തില്‍ ഹിമാലയന്‍ താര്‍, ഹിമാലയന്‍ കരടി, ഹിമപ്പുലി തുടങ്ങിയവ മൃഗങ്ങളേയും സ്വര്‍ണപ്പരുന്ത്, മഞ്ഞക്കിളി എന്നീ പക്ഷികളേയും കാണാം.

ഒറീസ

പുരി ജഗന്നാഥ ക്ഷേത്രം

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എത്താറുണ്ട്. 58 മീറ്ററോളം ഉയരമുള്ള വലിയ ക്ഷേത്രഗോപുരമാണ് പുരിയിലെ പ്രധാന ആകര്‍ഷണം. തീര്‍ത്ഥാടനകേന്ദ്രമായ ഇവിടത്തെ രഥോത്സവം പ്രസിദ്ധമാണ്. ഒറീസയിലെ ഒരു ക്ഷേത്രനഗരമാണ് ഭുവനേശ്വര്‍. മുക്തേശ്വര്‍ ക്ഷേത്രം, രാജാറാണി ക്ഷേത്രം, ബ്രഹ്മേശ്വര്‍ ക്ഷേത്രം, ഭാസ്കരേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ. ഉദയഗിരിയിലെയും ഖന്ദഗിരിയിലെയും ഗുഹകളും പ്രശസ്തമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ് ഈ ഗുഹകള്‍.

കൊണാര്‍ക്ക്

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം ഭാരതീയ ശില്പകലയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ഗംഗാരാജവംശത്തിലെ നരസിംഹദേവന്റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. രഥത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തിന് കൊത്തുപണികളുള്ള 24 ശിലാചക്രങ്ങളുണ്ട്.

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടങ്കില്‍ അത് ഇവിടെയാണൈന്ന് പറയാറില്ലേ? ഇന്ത്യയില്‍ തന്നെ ഇത്രയും മനോഹരമായ ഇടങ്ങളുളളപ്പോള്‍ എന്തിന് വലിയ പണച്ചെലവ് വരുത്തി വച്ച് വിദേശരാജ്യങ്ങളിലേക്ക് പറക്കണം. ഇനി യാത്ര പോകുന്നുണ്ടെങ്കില്‍ അത് ഇവിടേക്കാവാം. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ഇഴചേരുന്ന ഈ ചരിത്രഭൂമികളിലൂടെ……

You must be logged in to post a comment Login