ഇന്ത്യന്‍ മൊബൈല്‍ വിപണിയെ കീഴടക്കിയത് സാംസങ്ങും ആപ്പിളുമല്ല

 

പുതിയ ഫോണുകളും ഫീച്ചറുകളും ഓഫറുകളുമായി ചെറുതും വലുതുമായ മൊബൈല്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ്. ആപ്പിള്‍, സാംസങ് പോലുള്ള വന്‍കിട ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന പുത്തന്‍ ഫോണുകള്‍ വിപണിയെ കീഴടക്കുന്നു. എന്നാല്‍ വമ്പന്മാരെയെല്ലാം ബഹുദൂരം പിന്തള്ളി ചൈനീസ് ബ്രാന്‍ഡ് ഷവോമിയാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നിലെത്തിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യക്കാര്‍ ഈ വര്‍ഷം പുതുതായി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കൂടുതലും ഷവോമിയുടേതാണ്. ആദ്യമായാണ് ഷവോമി ഇങ്ങനൊരു പട്ടികയില്‍ ആദ്യസ്ഥാനത്ത് ഇടംനേടുന്നത്. പുതിയ ഏതു കമ്പനിയുടെ ഫോണാണ് വാങ്ങുന്നതെന്ന ചോദ്യത്തിന് 26 ശതമാനം ആളുകളും ഷവോമി എന്നാണ് മറുപടി പറയുന്നതെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുത്തക കയ്യടിക്കിയിരുന്ന സാംസങ്, ആപ്പിള്‍ ഫോണുകളെയാണ് ഷവോമി പിന്നിലാക്കിയത്. ആപ്പിളും സാംസങും 12 ശതമാനം ആളുകളേ തിരഞ്ഞെടുത്തുള്ളൂ. ഇന്ത്യയില്‍ 2014ല്‍ രംഗപ്രവേശം ചെയ്ത ഷവോമിക്ക് 125 ശതമാനം വളര്‍ച്ച നേടാനായെന്നതും വലിയ നേട്ടമാണ്. മോട്ടോറോളയ്ക്ക് ഏഴ്, ലെനോവയ്ക്ക് ആറ്, വണ്‍ പ്‌ളസിന് ആറ് എന്നിങ്ങനെ കിട്ടിയപ്പോള്‍ മൈക്രോമാക്‌സിനെ രണ്ടു ശതമാനം ആളുകളെ തിരഞ്ഞെടുത്തുള്ളൂ.

ആന്‍ഡ്രോയ്ഡ് വിഗ്ദ്ധര്‍ തയാറാക്കിയ പ്രത്യേക ചോദ്യാവലിയുമായാണ് ആളുകളെ സമീപിച്ചത്. നെറ്റ്്വര്‍ക്ക് സ്പീഡ്, പ്രൊസസര്‍, കാമറ, സ്‌ക്രീന്‍ വലിപ്പം, റസല്യൂഷന്‍ എന്നിവയാണ് പ്രധാനമായും വിലയിരുത്തിയത്. മറ്റ് കമ്പനികളില്‍ നിന്നും ഷവോമിയുടെ വ്യത്യസ്തമാക്കുന്ന ഗുണങ്ങള്‍ അനവധിയാണ്. ഫ്‌ലാഷ് സെയിലും മത്സരാധിഷ്ഠിത വിലയുമായി വലിയ ചലനമുണ്ടാക്കിയാണ് ഷവോമി ഇന്ത്യയില്‍ അവതരിച്ചത്. കുറഞ്ഞ വിലയും ഒട്ടും കുറയാത്ത ഗുണവുമായിരുന്നു മുഖമുദ്ര. മര്‍മ്മമറിഞ്ഞുള്ള ഈ ബിസിനസ് തന്ത്രമാണ് ഇന്ത്യക്കാര്‍ നെഞ്ചേറ്റിയത്. ഉപഭോക്താവിനെ കാര്യമായി മുമ്പുണ്ടായിരുന്നവര്‍ ബഹുമാനിച്ചിരുന്നില്ലെന്നതും ഷവോമിയുടെ ഡിമാന്‍ഡ് കൂട്ടി. 35000 രൂപയില്‍ കൂടുതലുള്ള പ്രീമിയം ഫോണുകള്‍ക്ക് രാജ്യത്ത് ആറു ശതമാനം വിപണിയേയുള്ളൂ.

പകുതിയിലധികം വരുന്ന ഉപഭോക്താക്കള്‍ വാങ്ങാനാഗ്രഹിക്കുന്നത് 10000 മുതല്‍ 20000 രൂപ വരെ റേഞ്ചിലുള്ള ഫോണുകളാണ്. ഈ വിഭാഗക്കാര്‍ക്ക് ഏറ്റവും മുന്തിയ ഫോണ്‍ നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും ഷവോമി തയ്യാറായില്ല. റെഡ്മീ നോട്ട് 4 ഒരു മില്ല്യണ്‍ എന്ന റെക്കോഡ് വില്‍പ്പനയാണ് മറികടന്നത്. റെഡ്മി 4എ മോഡലും വന്‍വിജയമാണ്. അതേസമയം, ഈ വര്‍ഷം അവതരിക്കുന്ന നോക്കിയയുടെ പുത്തന്‍ ഫോണുകള്‍ ഷവോമി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭീഷണി ആയേക്കും. 3310 മോഡല്‍ ഫോണ്‍ ഈമാസം വിപണിയില്‍ ഇറക്കുമെന്നാണ് നോക്കിയ അറിയിച്ചിട്ടുള്ളത്.

You must be logged in to post a comment Login