ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സുരക്ഷാഭീഷണിയുമായി പാക് ഹാക്കര്‍മാര്‍

pak-hackers

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യംവെച്ച് പാക് ഹാക്കര്‍മാര്‍. നിയന്ത്രണ രേഖയ്ക്കടുത്ത വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന ഇന്ത്യന്‍ വിമാനങ്ങളെ അപകടപ്പെടുത്താന്‍ ട്രാഫിക് കണ്‍ട്രോളിലെ സിഗ്‌നലുകള്‍ ഹാക്ക് ചെയ്തു കൊണ്ടാണ് പാകിസ്താന്‍ ഹാക്കര്‍മാര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നത്.

കശ്മീര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജമ്മുതൊയിസ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളെയാണ് പാക്ക് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. വിമാനങ്ങള്‍ പതിനായിരം അടിക്ക് താഴേക്ക് വരുന്ന ഘട്ടത്തിലാണ് ജമ്മുവിലെ എയര്‍ട്രാഫിക് കണ്‍ട്രോളുമായി (എടിസി) പൈലറ്റ് ബന്ധപ്പെടുക. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് പകരം പാകിസ്താന്റെ ദേശഭക്തി ഗാനങ്ങളായിരിക്കും വിമാനത്തിന്റെ കോക്ക്പിറ്റില്‍ കേള്‍ക്കുക.

”ഇപ്പോള്‍ കുറച്ചു കാലമായി നമ്മുടെ ഫ്രീക്വന്‍സിയിലേക്ക് പാക് ഹാക്കര്‍മാര്‍ കടന്നു കയറുന്നുണ്ട്. ”ദില്‍,ദില്‍ പാകിസ്താന്‍”, ”ജാന്‍ ജാന്‍ പാകിസ്താന്‍” തുടങ്ങിയ പാട്ടുകളൊക്കെയാണ് അവര്‍ ഞങ്ങളെ കേള്‍പ്പിക്കുന്നത്”, ഒരു മുതിര്‍ന്ന പൈലറ്റ് പറഞ്ഞു.

ഇപ്പോള്‍ സിഗ്‌നലുകളില്‍ പാക്ക് ഹാക്കര്‍മാര്‍ കടന്നു കയറിയാല്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ ഉധംപുറിലെ നോര്‍ത്ത് കണ്‍ട്രോളിനെ വിവരം അറിയിക്കും. അവിടെ നിന്ന് ജമ്മു എടിസിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് പുതിയ ഫ്രീക്വന്‍സി സെറ്റ് ചെയ്യും തുടര്‍ന്ന് ആ ഫ്രീക്വന്‍സിയില്‍ ജമ്മുവിലേക്ക് ബന്ധപ്പെടുവാന്‍ ഞങ്ങളോടും ആവശ്യപ്പെടും. പുതിയ ഫ്രീക്വന്‍സിയിലേക്ക് വിമാനം മാറിയാല്‍ പെട്ടെന്ന് കണ്ടുപിടിക്കുവാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചെന്നു വരില്ല, ഈ സമയം കൊണ്ട് ജമ്മു എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം ജമ്മുവിലോ തോയിസിലോ ഇറക്കുമെന്നും ഒരു പൈലറ്റ് പറയുന്നു.

എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ ദൃഷ്ടിപരിധിയിലെത്തിയ ശേഷം മാത്രം ബന്ധപ്പെടാന്‍ പറ്റുന്ന വിഎച്ച്എഫ് സംവിധാനവും ഹാക്കര്‍മാരുടെ ശല്യം ഒഴിവാക്കാന്‍ പൈലറ്റുമാര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതെപ്പോഴും സാധ്യമല്ല. പാക്ക് ഹാക്കര്‍മാരുടെ ശല്യമൊഴിവാക്കാന്‍ സിഗന്ല്‍ ഫ്ര്വീകന്‍സി സ്ഥിരമായി മാറ്റിക്കൊണ്ടിരിക്കുകയാണ് ജമ്മു എയര്‍ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍. ജമ്മുവിലേക്ക് പറക്കുന്ന യാത്രാ വിമാനങ്ങളും തോയിസിലേക്ക് പറക്കുന്ന സൈനികവിമാനങ്ങളുമാണ് നിയന്ത്രണരേഖയോട് ചേര്‍ന്ന് കിടക്കുന്ന ജമ്മു എയര്‍ട്രാഫിക് കണ്‍ട്രോളിനെ മുഖ്യമായും ആശ്രയിക്കുന്നത്.

You must be logged in to post a comment Login