ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; ഫെഡര്‍ക്ക് അഞ്ചാം കിരീടം

കാലിഫോര്‍ണിയ : ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടെന്നീസില്‍ റോജര്‍ ഫെഡറര്‍ക്ക് അഞ്ചാം കിരീടം. ഫൈനലില്‍ നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം ചൂടിയത്. സ്‌കോര്‍: 6-4,7-5.

ശസ്ത്രക്രിയക്ക് ശേഷം ആറു മാസത്തോളം കോര്‍ട്ടില്‍ നിന്ന് വിട്ടു നിന്ന ഫെഡറര്‍ തന്റെ 18ാം ഗ്രാന്‍സ്ലാം വിജയത്തോടെയാണ് തിരിച്ചുവരവ് നടത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലിനെ തോല്‍പിച്ചായിരുന്നു ഫെഡററുടെ കിരീടനേട്ടം.

ഫെഡററെക്കൂടാതെ നൊവാക് ജ്യോകോവിച്ച് മാത്രമാണ് അഞ്ചു തവണ ഇന്ത്യന്‍ വെല്‍സില്‍ ചാമ്പ്യനായത്. 2004, 2005, 2006, 2012 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഫെഡറര്‍ കിരീടം കൈപ്പിടിയിലൊതുക്കിയത്. മാസ്റ്റേഴ്‌സ് ടൈറ്റില്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ എടിപി താരം എന്ന റെക്കോര്‍ഡും ഇതോടെ ഫെഡറര്‍ സ്വന്തമാക്കി. 2004ല്‍ സിന്‍സിനാറ്റി ഓപ്പണ്‍ നേടിയ അഗാസിയുടെ റെക്കോഡാണ് 35കാരനായ ഫെഡറര്‍ മറികടന്നത്.

You must be logged in to post a comment Login