ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലകാലം :ഐഎംഎഫ്

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന്  അന്താരാഷ്ട്ര നാണയനിധി. വ്യവസായ സൗഹൃദ നയങ്ങളും, ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയും നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും , നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും സഹായിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.
ഐഎംഎഫ് അസിസ്റ്റന്റ് ഡയറക്ടറും, ഇന്‍ഡ്യാ മിഷന്‍ ചീഫുമായ പോള്‍ കാഷിനാണ് ഇതിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ മാറിയ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ വമ്പന്‍ കുതിപ്പിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലാണ് കാഷിന്‍.
2015-16 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 7.2 ശതമാനം വളര്‍ച്ചയാണെങ്കിലും വരും വര്‍ഷങ്ങളില്‍ 8 മുതല്‍ 9 വരെ ശതമാനം വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിനാവുമെന്നും കാഷിന്‍ പറഞ്ഞു.  പിന്നാക്കാവസ്ഥയിലായിരുന്ന കാര്‍ഷിക മേഖലയിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുമെന്നാണ് ഐഎംഎഫ് പ്രതിനിധികള്‍   അഭിപ്രായപ്പെടുന്നത്.
സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചത് മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമാണെന്നും പ്രതിനിധികള്‍ വ്യക്തമാക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌ക്കൃത എണ്ണവില , കറന്റ് അക്കൗണ്ട് കമ്മി, ധനക്കമ്മി എന്നിവയിലുണ്ടായ കുറവ് വളര്‍ച്ചയിലേക്കു നയിക്കും. റിസര്‍വ്വ് ബാങ്കിന്റെ മികച്ച ധനനയം സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്താനും വിലക്കയറ്റം നിയന്ത്രണവിധേയമാക്കാനും സഹായിക്കുന്നതാണെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കുന്നു.
എന്നാല്‍ രാജ്യം അടിയന്തരമായി പരിഹാരം കാണേണ്ട വെല്ലുവിളികളുമുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ വര്‍ധിച്ചു വരുന്ന കിട്ടാക്കടവും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ബാധ്യതയും ഈ പട്ടികയില്‍പ്പെടുന്നു. ധനക്കമ്മി കുറയ്ക്കുന്നതിനുതകുന്ന ധനനയത്തിനു രൂപം നല്‍കാന്‍ സര്‍ക്കാരും കേന്ദ്രബാങ്കും മുന്‍ഗണന നല്‍കണമെന്നും  ഐഎംഎഫ് ആവശ്യപ്പെടുന്നു.

You must be logged in to post a comment Login