ഇന്ത്യന്‍ സൈന്യം ലഡാക്കില്‍ കണ്ടെത്തിയ പൈലറ്റില്ലാ വിമാനങ്ങള്‍ ഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: ചൈനയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ എന്നു കരുതി ഇന്ത്യന്‍ സൈന്യം ആറു മാസമായി ഇന്തോ-ചൈന അതിര്‍ത്തിയില്‍ നിരീക്ഷിച്ചു വന്നിരുന്നത് രണ്ട് ഗ്രഹങ്ങളെയാണെന്ന് ഒടുവില്‍ കണ്ടെത്തി. ജൂപ്പിറ്ററും വീനസുമാണ് ‘ഇന്ത്യന്‍ അതിര്‍ത്തി’ ഭേദിക്കുന്നതെന്നാണ് ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.64-venub - copy

ചൈനീസ് കൈയേറ്റങ്ങളെ തുടര്‍ന്ന് അതീവ നിരീക്ഷണത്തിലായ കിഴക്കന്‍ ലഡാക്ക് മേഖലയിലാണ് സംഭവം. ഇന്ത്യയും തിബത്തും അതിര്‍ത്തി പങ്കിടുന്ന ഉയരമേറിയ പന്‍ഗോങ് മേഖലയിലുള്ള താകുങ് തടാകത്തിനടുത്ത നിരീക്ഷണ കേന്ദ്രത്തിലുള്ള സൈനികരാണ് വെട്ടിത്തിളങ്ങുന്ന’ പറക്കും വസ്തു’ കണ്ടെത്തിയത്. 2012 ആഗസ്ത് മുതല്‍ 2013 ഫെബ്രുവരി വരെ 329 തവണ ഈ വസ്തുക്കളെ കണ്ടെത്തിയതായി നിരീക്ഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്തോ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ഇവ 155 തവണ കടന്നതായും കണ്ടെത്തി.അത്യാധുനികമായ ഹൈ ഡെഫിനിഷന്‍ ക്യാമറകള്‍ സ്ഥാപിച്ച പൈലറ്റില്ലാത്ത സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളുടെ ചിത്രം എടുക്കുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തികച്ചും ഗൗരവത്തോടെയാണ് സൈന്യം ഈ റിപ്പോര്‍ട്ടുകളെ സമീപിച്ചത്.ഇത്തരത്തിലുള്ള രണ്ടു വസ്തുക്കളെയാണ് കാണാറുള്ളതെന്ന് സമുദ്രനിരപ്പില്‍നിന്ന് 13, 000 അടി ഉയരമുള്ള ഇന്ത്യന്‍ നിരീക്ഷണ പോസ്റ്റിലെ ഉദ്യോഗസ്ഥനായ ലാന്‍സ് നായിക് ഷെമിന്‍ ദര്‍പാല്‍ സിങാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. താകുങിനടുത്ത് സമുദ്രനിരപ്പില്‍നിന്ന് 4715 മീറ്റര്‍ ഉയരത്തിലാണ് ഇവ കണ്ടെത്തിയത്. ഇവയില്‍ ഒരു വസ്തു വൈകിട്ട് ആറു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ ചക്രവാളത്തില്‍ കാണപ്പെടുന്നതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. മറ്റേ വസ്തു പുലര്‍ച്ചെ നാലു മണി മുതല്‍ കാണപ്പെടുന്നതായും സൈനികന്‍ റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്നാണ് സൈന്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ബംഗളുരുവില്‍നിന്നുള്ള രണ്ടു ശാസ്ത്രജ്ഞര്‍ ലഡാക്കില്‍ എത്തിയത്. എന്തു തരം വസ്തുക്കളാണ് കണ്ടെത്തുന്നതെന്ന് പഠിക്കാനായിരുന്നു തങ്ങളെ നിയോഗിച്ചതെന്ന് സംഘത്തില്‍ അംഗമായ ശാസ്ത്രജ്ഞന്‍ തുഷാര്‍ പ്രഭു ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.

ലഡാക്കിലെത്തിയ ശാസ്ത്രജ്ഞരോട് ലാന്‍സ് നായിക് ഷെമിന്‍ ദര്‍പാല്‍ സിങ് താന്‍ കണ്ട വസ്തുക്കളെ പറ്റി മൊഴി നല്‍കി. നല്ല തിളക്കമുള്ള, ചലിക്കുന്ന വസ്തുക്കളെയാണ് കാണാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന്, തിയേഡൊലൈറ്റ് എന്ന ഉപകരണം ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. ഫെബ്രുവരി 17 മുതല്‍ 22 വരെയായിരുന്നു നിരീക്ഷണം.
ഇതിനുശേഷമാണ് ശാസ്ത്രജ്ഞര്‍ സൈന്യത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. സൈനികര്‍ കണ്ടെത്തിയ ഒരു അജ്ഞാത വസ്തു ജൂപ്പിറ്ററും മറ്റേത് വീനസും ആണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ഉയര്‍ന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ മൂലമാണ് ഈ വസ്തുക്കള്‍ ലഡാക്കില്‍ തിളങ്ങുന്ന നിലയില്‍ കാണപ്പെട്ടതെന്നും ഈ രണ്ട് ഗ്രഹങ്ങളും സ്വതവേ നല്ല തിളക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login