ഇന്ത്യയിലുള്ള സൗഹൃദമൊഴിവാക്കി ബജാജും കവസാക്കിയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടുവര്‍ഷമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ബജാജ് ഓട്ടോയും ജപ്പാന്‍ കമ്പനിയായ കാവസാക്കിയും. കാവസാക്കി ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന, തുടര്‍ സേവനം എന്നിവയിലാണ് ഇരുകമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. അടുത്ത മാസം മുതല്‍ ഈ ബന്ധം ഉണ്ടായിരിക്കില്ലെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് അമിത് നന്ദി പറഞ്ഞു.

ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളില്‍ ഇരുകമ്പനികളും സഹകരണം തുടരും. ഏപ്രില്‍ മുതല്‍ കാവസാക്കി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കുക, കാവസാക്കി മോട്ടോഴ്‌സ് വഴിയായിരിക്കും. ജപ്പാനിലെ കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമാണിത്. പഴയ വണ്ടികളുടെയും സര്‍വീസും മറ്റും ഇതുവഴിയായിരിക്കും നടത്തുക. പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ, ഓസ്‌ട്രേലിയന്‍ കമ്പനിയായ കെ.ടി.എമ്മുമായുള്ള പങ്കാളിത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

ബജാജിന്റെ പ്രോബൈക്കിങ് ഔട്ട്‌ലറ്റുകള്‍ കെ.ടി.എം. ഡീലര്‍ഷിപ്പുകളാക്കി മാറ്റുകയാണ്. കാവസാക്കി മോട്ടോര്‍സൈക്കിളുകളും വിറ്റിരുന്നത് പ്രോബൈക്കിങ് ഔട്ട്‌ലറ്റുകളിലൂടെ ആയിരുന്നു. കാവസാക്കി മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയിലും വില്‍പനാനന്തര സേവനത്തിലും പ്രോബൈക്കിങ് ശൃംഖലയിലൂടെയുള്ള സഹകരണം 2009ലാണ് ബജാജ് തുടങ്ങിയത്. ബജാജ്‌കെ.ടി.എം. പങ്കാളിത്തം സംയുക്തമായി വികസിപ്പിച്ച ആദ്യ ഇരുചക്രവാഹനം 200 ഡ്യൂക്ക് 2012ലാണ് പുറത്തിറക്കിയത്.

You must be logged in to post a comment Login