ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഉയര്‍ച്ച; ലെനോവൊ, ഷവോമി, വിവോ എന്നിവ മുന്നില്‍

phone
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 2.75 കോടി ആയി ഉയര്‍ന്നു. 17.1 ശതമാനം വളര്‍ച്ചയാണിത്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പിന്തുണയിലാണ് ഈ നേട്ടമുണ്ടാക്കാനായത്. തുടര്‍ച്ചയായ രണ്ട് പാദത്തിലെ മോശം പ്രകടനത്തിനു ശേഷമാണ് സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് അന്താരാഷ്ട്ര ഡാറ്റ കോര്‍പറേഷന്‍ (ഐ.ഡി.സി.) വ്യക്തമാക്കുന്നു.

ഇന്ത്യന്‍, ആഗോള കമ്പനികള്‍ കയറ്റുമതിയില്‍ ക്ഷീണം നേരിടുന്ന അവസരത്തിലാണ് ചൈനീസ് കമ്പനികള്‍ രക്ഷയ്‌ക്കെത്തിയത്. ലെനോവൊ, ഷവോമി, വിവോ തുടങ്ങിയ നിര്‍മാതാക്കളാണ് കയറ്റുമതി വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയത്. വിപണി പങ്കാളിത്തത്തില്‍ 25.1 ശതമാനവുമായി സാംസങ്ങാണ് മുന്നില്‍. 12.9 ശതമാനം പങ്കാളിത്തവുമായി മൈക്രോമാക്‌സ് തൊട്ടു പിറകിലുണ്ട്. ലെനോവൊ ഗ്രൂപ്പ് 7.7 ശതമാനം, ഇന്റക്‌സ് 7.1 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

3.4 കോടി ഫീച്ചര്‍ ഫോണുകളാണ് രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.6 ശതമാനം വളര്‍ച്ചയാണിത്. ഉത്സവ സീസണ്‍ അടുത്തുവരുന്നതിനാല്‍ സ്മാര്‍ട്ട് ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും കയറ്റുമതി ഇനിയും ഉയരുമെന്നാണ് ഐ.ഡി.സി.യുടെ കണക്കുകൂട്ടല്‍.

You must be logged in to post a comment Login