ഇന്ത്യയില്‍ യാത്രാവാഹന വില്‍പ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ടു

 

ഇന്ത്യയിലെ യാത്രാവാഹന വില്‍പ്പന ഇതാദ്യമായി 30 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015 – 16നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ 9.23% വളര്‍ച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ യാത്രാവാഹന വില്‍പ്പന 30,46,727 യൂണിറ്റായിരുന്നുവെന്ന് രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ ‘സയാം’ വെളിപ്പെടുത്തി. 2015 – 16ല്‍ 27,89,208 യാത്രാവാഹനങ്ങള്‍ വിറ്റ സ്ഥാനത്താണിത്.

യാത്രാവാഹനങ്ങള്‍ക്കൊപ്പം യൂട്ടിലിറ്റി വാഹനം, മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ വില്‍പ്പനയും 2016 – 17ല്‍ വര്‍ധന രേഖപ്പെടുത്തിയെന്നു ‘സയാം’ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുഗതോ സെന്‍ അറിയിച്ചു. യാത്രാവാഹന വില്‍പ്പനയാവട്ടെ 30 ലക്ഷം യൂണിറ്റ് പിന്നിട്ടു പുതിയ റെക്കോഡും സ്ഥാപിച്ചു. യൂട്ടിലിറ്റി വാഹനം, സെഡാന്‍, ഹാച്ച്ബാക്ക് വിഭാഗങ്ങളാണു മികച്ച പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ 2016 – 17ല്‍ 29.91% വളര്‍ച്ചയാണു കൈവരിച്ചത്. 2015 – 16ല്‍ 5,86,576 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റത് കഴിഞ്ഞ വര്‍ഷം 7,61,997 എണ്ണമായാണു വര്‍ധിച്ചത്. 2013 – 14ല്‍ ഈ വിഭാഗം കൈവരിച്ച 52% വില്‍പ്പന വളര്‍ച്ച കഴിഞ്ഞാലുള്ള ഏറ്റവും മികച്ച നേട്ടമാണു കഴിഞ്ഞ വര്‍ഷം ലഭിച്ചതെന്നു സെന്‍ വെളിപ്പെടുത്തി. മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ‘ക്രേറ്റ’, റെനോ ‘ഡസ്റ്റര്‍’, മഹീന്ദ്ര ‘സ്‌കോര്‍പിയൊ’ തുടങ്ങിയവയാണ് എസ് യു വി വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയത്.

ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 3.85% വര്‍ധനയാണു കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 2015 – 16ല്‍ 20,25,097 കാര്‍ വിറ്റത് കഴിഞ്ഞ വര്‍ഷം 21,02,996 ആയാണ് ഉയര്‍ന്നത്. യാത്രാവാഹന വില്‍പ്പനയില്‍ 2016 – 17ലും മാരുതി സുസുക്കി ഇന്ത്യയില്‍ സ്ഥാനം നിലനിര്‍ത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.59% വര്‍ധനയോടെ 14,43,641 കാറുകളാണു കമ്പനി വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോറിന്റെ വില്‍പ്പന 5,09,705 യൂണിറ്റാണ്; 2015 – 16നെ അപേക്ഷിച്ച് 5.24% അധികമാണിത്. വില്‍പ്പനയില്‍ 2015 – 16നെ 0.07% താഴ്ന്നതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണു മൂന്നാം സ്ഥാനത്ത്; 2,36,130 വാഹനങ്ങളാണു കമ്പനി വിറ്റത്.

You must be logged in to post a comment Login