ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പുറത്ത്; പരിക്ക് ഭേദമാവാന്‍ സമയമെടുക്കും, പകരം പന്ത്‌

shikardhawan

വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാവും. ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്‌നിന്റെ സമയത്ത് ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്ന വാര്‍ത്ത വരുന്നത്.

ധവാന്റെ പരിക്ക് ഭേദമാവാന്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പില്‍ കളിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല ധവാന്‍ ഇപ്പോഴെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ധവാന് പരിക്കേല്‍ക്കുന്നത്. കമിന്‍സിന്റെ ഡെലിവറിയില്‍ ധവാന് പരിക്കേറ്റെങ്കിലും സെഞ്ചുറി കുറിച്ചാണ് ധവാന്‍ ക്രീസ് വിട്ടത്. എന്നാല്‍  സ്‌കാനില്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായി. ധവാന്റെ പരിക്കിലുണ്ടാവുന്ന പുരോഗതി ഒരാഴ്ച വിലയിരുത്തിയതിന് ശേഷം നടപടി എടുക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. എന്നാല്‍ പ്രതികൂല ഫലമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

റിഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക് ടീമിനൊപ്പം ചേരാന്‍ അയച്ചെങ്കിലും ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല ഇതുവരെ. ധവാന് ഇനിയുള്ള മത്സരങ്ങളും കളിക്കാനാവില്ലെന്ന് വ്യക്തമാവുന്നതോടെ പകരക്കാരനായി പന്തിന്റെ പേര് ഐസിസിക്ക് മുന്‍പാകെ ബിസിസിഐ ഔദ്യോഗികമായി വെക്കും.

You must be logged in to post a comment Login