ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മോശം: ഐഎംഎഫ്

experts-want-overhaul-how-we-measure-gdp

വാഷിങ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മോശമാണെന്ന് രാജ്യാന്തര നാണ്യ നിധി. കോര്‍പ്പറേറ്റ് രംഗത്തും നോണ്‍ ബാങ്കിങ് ഫൈനാന്‍ഷ്യല്‍ മേഖലയിലുമുള്ള അനിശ്ചിതത്വം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കിയിട്ടുണ്ടെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന വിമര്‍ശനത്തെ നേരിടാന്‍ മോദി സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഐഎംഎഫിന്റെ നിരീക്ഷണം.പുതിയ പരിതസ്ഥിതിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകള്‍ പുതുക്കി നിശ്ചയിക്കേണ്ടി വരുമെന്ന് ഐഎംഎഫ് വക്താവ് ഗരി റൈസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ക്വാര്‍ട്ടറിലെ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച എട്ടു ശതമാനമായിരുന്നു. ഏഴു വര്‍ഷത്തിനിടയില്‍ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇപ്പോഴത്തേത്.

സാമ്പത്തിക രംഗത്തിന്റെ പ്രകടനം മോശമായതിനെത്തുടര്‍ന്ന് ഐഎംഎഫ് നേരത്തെ ഇന്ത്യയുടെ അനുമാന വളര്‍ച്ചാ നിരക്ക് ദശാംശം മൂന്നു ശതമാനം കുറച്ചിരുന്നു. രാജ്യം ഏഴര ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ ഐഎംഎഫിന്റെ പ്രതീക്ഷ. അത് 7.2 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്.

You must be logged in to post a comment Login