ഇന്ത്യയുടെ സൂപ്പര്‍ഗോളിയെ റാഞ്ചാന്‍ വിദേശക്ലബ്ബുകള്‍ ലക്ഷ്യമിട്ടതായി ഫെഡറേഷന്റെ സ്ഥിരീകരണം

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായെങ്കിലും ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഒന്നാം നമ്പര്‍ ഗോളി ധീരജ് സിങ്ങിനെ വിദേശ ക്ലബ്ബുകള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സ്ഥിരീകരണം. മണിപ്പൂരുകാരന്‍ ഗോളിയുടെ പ്രകടനം കണ്ടു വിദേശ ക്ലബ്ബുകളുടെ സ്‌കൗട്ടുകള്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടുണ്ടെന്ന് ഫെഡറേഷന്‍ അറിയിച്ചു.

ലോകകപ്പില്‍ എ ഗ്രൂപ്പില്‍ കളിച്ച ഇന്ത്യ വമ്പന്‍ ടീമുകളോട് വഴങ്ങിയ ഗോളുകളുടെ എണ്ണം കുറച്ചത് ധീരജിന്റെ അത്യുജ്വല പ്രകടനമാണ്. മികച്ച മെയ്‌വഴക്കവും ഡിസ്ട്രിബ്യൂഷനും ത്രോകളുടെ പവറുമാണ് ധീരജിന്റെ പ്രത്യേകതകള്‍. കണ്ണഞ്ചിപ്പിക്കുന്ന സേവുകള്‍ കൊണ്ട് എതിര്‍ടീം മാനേജര്‍മാരില്‍ നിന്നു പോലും പ്രശംസയേറ്റുവാങ്ങിയ താരത്തെ ടൂര്‍ണമെന്റിന്റെ കണ്ടത്തലെന്നായിരുന്നു ഇന്ത്യന്‍ ഇതിഹാസം ബൈജുങ് ബൂട്ടിയ വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ ഗോള്‍കീപ്പിങ് പരിശീലകനായ പോളോ ഗ്രിലോയും യൂറോപ്യന്‍ ക്ലബ്ലുകള്‍ ധീരജിനെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് ക്ലബ്ബാണെന്നു വ്യക്തമാക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ കളിച്ചാലും പരിശീലിച്ചാലും ധീരജിനു കാര്യമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ല. യൂറോപ്പാണ് അതിനു പറ്റിയ ഇടം. ഗ്രിലോ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിലെ മറ്റൊരു സൂപ്പര്‍ താരം കോമള്‍ തട്ടലിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടതായും വാര്‍ത്തകളുണ്ടയിരുന്നു.

ആദ്യ മത്സരം വീക്ഷിക്കാന്‍ ജര്‍മന്‍ ബുണ്ടേഴ്‌സ് ലിഗയില്‍ നിന്നും ഇറ്റാലിയന്‍ സീരി എയില്‍ നിന്നുമുള്ള ക്ലബ്ബുകളുടെ പ്രതിനിധികളുണ്ടായിരുന്നുവെങ്കിലും പ്രീമിയര്‍ ലീഗില്‍ നിന്നും ആരുമുണ്ടായിരുന്നില്ല.ഗോവയില്‍ നടന്ന ഇറാന്‍ഗിനിയ മത്സരത്തിലും യൂറോപ്യന്‍ ക്ലബ്ബുകളുടെ പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു.

You must be logged in to post a comment Login