ഇന്ത്യയേക്കാള്‍ വലുത് ബിജെപിയാണെന്നാണ് അവരുടെ വിചാരം; പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നിന്ന് തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ?: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും എല്ലാ മതങ്ങളും ഭാഷകളും ബഹുമാനിക്കപ്പെടണമെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.

പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നിന്ന് തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനെ ഭയക്കുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനെയും ബി.ജെപിയെയും കോണ്‍ഗ്രസ് തോല്‍പ്പിക്കും. മോഹന്‍ ഭഗവതും ആര്‍.എസ്.എസുമാണ് രാജ്യത്തെ നയിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് കടന്നുകയറിയിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

You must be logged in to post a comment Login