ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ധവാന് ലോകകപ്പ് നഷ്ടമാകും; പകരം പന്ത് ടീമിലേക്കെത്തും

shikardhawan

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ശിഖര്‍
ധവാന് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവും. വിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ധവാന് ടീമില്‍ നിന്നും പുറത്തേക്ക് പോവേണ്ടി വരുന്നത്.  ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാറ്റ് ചെയ്യുമ്പോഴായിരുന്നു പേസര്‍ നഥാന്‍ കോള്‍ട്ടറിന്റെ ഡെലിവറിയില്‍ ധവാന് പരിക്കേറ്റത്.

വേദന സഹിച്ചും ബാറ്റിങ് തുടര്‍ന്ന ധവാന്‍ സെഞ്ചുറി നേടി ടീമിന് വ്യക്തമായ അടിത്തറ പാകിയതിന് ശേഷമാണ് മടങ്ങിയത്. ഇന്ന് ധവാനെ സ്‌കാനിങ്ങിനെ വിധേയമാക്കിയിരുന്നു. സ്‌കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെയാണ് ധവാനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടിയാവുന്ന വാര്‍ത്ത വരുന്നത്. കൈവിരലിന് പൊട്ടലുണ്ടെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട്. മൂന്നാഴ്ചത്തെ വിശ്രമമാണ് ധവാന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ധവാന്റെ പരിക്ക് ഇന്ത്യയുടെ ടീം ബാലന്‍സിനേയും ബാധിക്കും. കെ.എല്‍.രാഹുലിനെ ഓപ്പണിങ്ങില്‍ ഇറക്കാനാവും സാധ്യത. അതോടെ നാലാം സ്ഥാനത്ത് പിന്നെ ആര് വരും എന്ന ചോദ്യം ഉയരും. ഇന്ത്യയുടെ ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ ലിസ്റ്റില്‍ നിന്നും റായിഡു, പന്ത് എന്നിവരില്‍ ആരാവും ഇംഗ്ലണ്ടിലേക്ക് പറക്കുക എന്നും ഇനി വ്യക്തമാവണം. പന്തിനാണ് കൂടുതല്‍ സാധ്യത.

You must be logged in to post a comment Login