ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ ജയം; ബെഹ്‌റെണ്ടറോഫിന് നാല് വിക്കറ്റ്

ഗുവാഹത്തി : ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എട്ടു വിക്കറ്റിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 119 റണ്ണിന്റെ വിജയലക്ഷ്യം 15.3 ഓവറില്‍ ഓസ്‌ട്രേലിയ അനായാസം മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ  ബെഹ്‌റെണ്ടറോഫാണ് ഓസീസിന്റെ വിജയശില്‍പി. ഹെന്റിക്വസും(62) ട്രാവിസ് ഹെഡും(48) ചേര്‍ന്ന് സന്ദര്‍ശകരുടെ ജയം അനായാസമാക്കി.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ്മ ബൗണ്ടറിയടിച്ചു. മൂന്നാം പന്തില്‍ ബെഹ്‌റെണ്ടറോഫിനെ വീണ്ടും അതിര്‍ത്തി കടത്തി രോഹിത് കാണികളെ വീണ്ടും ആവേശത്തിലാക്കി. എന്നാല്‍ നാലാം പന്തില്‍ രോഹിത് ശര്‍മ്മയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബെഹ്‌റെണ്ടറോഫ് അവസാന പന്തില്‍ ക്യാപ്റ്റന്‍ കൊഹ് ലിയെ റണ്ണെടുക്കും മുമ്പ് റിട്ടേണ്‍ കാച്ചിലൂടെ മടക്കുകയായിരുന്നു. നാല്‍പ്പത്തിയെട്ടാമത് ട്വന്റി-20ക്ക് ഇറങ്ങിയ കൊഹ്‌ലി ആദ്യമായാണ് ഡക്കായി മടങ്ങിയത്.

അടുത്തതായി മൂന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ച മനീഷ് പാണ്ഡെയെ സുന്ദരമായ പന്തിലൂടെ കീപ്പറുടെ കൈകളിലെത്തിച്ച് ബെഹ്‌റെണ്ടറോഫ് ഗാലറിയെ വീണ്ടും നിശബ്ദമാക്കി. കരിയറിലെ രണ്ടാം ട്വന്റി-20 മത്സരത്തിനിറങ്ങിയ ബെഹ്‌റെണ്ടറോഫ് ശിഖര്‍ ധവാന്റെ വിക്കറ്റ് കൂടി നേടിയാണ് ബൗളിങ് അവസാനിപ്പിച്ചത്. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് വിലപ്പെട്ട നാല് വിക്കറ്റുകളാണ് ബെഹ്‌റെണ്ടറോഫ് നേടിയത്.

മുന്‍നിരയെ ബെഹ്‌റെണ്ടറോഫ് എറിഞ്ഞുവീഴ്ത്തിയെങ്കില്‍ മധ്യനിരയെ സാംബ കറക്കി വീഴ്ത്തി.നിലയുറപ്പിക്കുമെന്ന തോന്നലിനിടെ ധോണിയെ 13 രണ്‍സെടുത്തപ്പോളേക്കും മടക്കി സാംബ ഇന്ത്യക്ക് തിരിച്ചടി നല്‍കി. കയറി അടിക്കാന്‍ ശ്രമിച്ച ധോണിയെ വിക്കറ്റ് കീപ്പര്‍ പെയ്ന്‍ സ്റ്റംമ്പ് ചെയ്യുകയായിരുന്നു. 27 പന്തില്‍ 27 റണ്ണെടുത്ത കേദാര്‍ ജാദവിനെ മനോഹരമായ ഒരു ഗൂഗ്ലിയിലൂടെ മടക്കിയ സാംബ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സമ്മര്‍ദ്ദം കൂട്ടി.

എട്ടാം വിക്കറ്റില്‍ 25 റണ്‍സെടുത്ത പാണ്ഡ്യയുടേയും 16 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്റേയും പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്. പതിനെട്ടാം ഓവറില്‍ സ്‌റ്റോയിനിസിനെ കൂറ്റനടിക്ക് മുതിര്‍ന്ന പാണ്ഡ്യ ലോങ് ഓഫില്‍ ക്യാച്ച് നല്‍കി മടങ്ങി. അവസാന പന്തില്‍ പൊക്കിയടിച്ച കൂല്‍ദീപിന്റെ വിക്കറ്റ് കൂടി വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 118 റണ്ണില്‍ അവസാനിച്ചു.

മറുപടി ബാറ്റിങില്‍ ആദ്യ രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ വീണെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹെന്റിക്വസും ഹെഡും ചേര്‍ന്ന് ഓസ്‌ട്രേലിയയെ അതിവേഗം വിജയത്തിലെത്തിച്ചു. പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. ഇനി നിര്‍ണായകമായ മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച്ച ഹൈദരാബാദില്‍ നടക്കും.

You must be logged in to post a comment Login