ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ല;ഭീകരവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് പാകിസ്താനോട് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്താനോട് അമേരിക്ക. പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താനോട് ആവശ്യപ്പെട്ടു.

ഇന്ത്യയോടും പാകിസ്താനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കണമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്ന് നടക്കുന്ന ഇന്ത്യ-ചൈന-റഷ്യ പതിനാറാം ത്രികക്ഷി ചര്‍ച്ചക്കു മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

പാകിസ്താനെതിരായ സൈനിക നീക്കമായിരുന്നില്ല ഇതെന്നും നടന്നത് ഭീകരവാദത്തിനെതിരായ നടപടിയാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. പുല്‍വാമയില്‍ ജയ്ഷെ ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സിആ‌ര്‍പിഎഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി ഓ‌ര്‍മ്മപ്പെടുത്തി. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു.

അതേസമയം പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയിരുന്നു. ഇതേതുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടി. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

You must be logged in to post a comment Login