ഇന്ത്യൻ കൗമാരപ്പട ഏഷ്യയിലെ ക്രിക്കറ്റ് ജേതാക്കൾ

ഇന്ത്യൻ കൗമാരപ്പട ഏഷ്യയിലെ ക്രിക്കറ്റ് ജേതാക്കൾ
കൊളംബോ: അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ഇന്ത്യ. കലാശപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. കുറഞ്ഞ സ്കോർ മത്സരത്തിൽ അഞ്ചു റൺസിനാണ് ഇന്ത്യ ജയിച്ചത്. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 101 റൺസിന് ഓൾ ഔട്ടായി. അഞ്ചു വിക്കറ്റെടുത്ത അതർവ അങ്കലേക്കറും മൂന്നു വിക്കറ്റെടുത്ത ആകാശ് സിങും ചേർന്നാണ് ബംഗ്ലാദേശിനെ തകർത്തത്. ഇത് ഏഴാം തവണ അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യ കിരീടം നേടുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ ബംഗ്ലാദേശ് 106 റൺസിന് പുറത്താക്കുകയായിരുന്നു. 37 റൺസെടുത്ത കരൺലാലും 33 റൺസെടുത്ത ക്യാപ്റ്റൻ ധ്രുവ് ജൂറെലും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ബംഗ്ലാദേശിനുവേണ്ടി മൃത്യുഞ്ജയ് ചൌധരി, ഷമിം ഹൊസെയ്ൻ എന്നിവർ മൂന്നു വിക്കറ്റ് വീതമെടുത്തു.

ഗ്രൂപ്പ് എയിൽ കുവൈത്ത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

You must be logged in to post a comment Login