ഇന്ത്യൻ ടീമിൻെറ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കണം

 

ന്യൂഡൽഹി: ലോകകപ്പിലെ സെമിഫൈനൽ പുറത്താവൽ ഇന്ത്യൻ ടീം മാനേജ്മെൻറിനെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. ബിസിസിഐ ഉന്നതാധികാര സമിതി വിളിച്ചിട്ടുള്ള റിവ്യൂ യോഗത്തിൽ ലോകകപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും. ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൻെറ നായകസ്ഥാനത്തേക്ക് രോഹിത് ശർമയെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.

ധോണിയെ ഇനി ടീമിൽ പരിഗണിച്ചേക്കില്ലെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കേണ്ടി വരും. ശാസ്ത്രിയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. 2017ൽ അനിൽ കുംബ്ലെ ടീമിൻെറ പരിശീലക സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് രവി ശാസ്ത്രി ടീമിൻെറ പരിശീലകനാവുന്നത്.

ഇത് വരെ ഒരു പ്രധാന ഐസിസി ടൂർണമെൻറിലും ശാസ്ത്രിയുടെ കീഴിൽ ഇന്ത്യക്ക് കിരീടം നേടാൻ സാധിച്ചിട്ടില്ല. ഓസ്ട്രേലിയയിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതാണ് ഒരു സുപ്രധാന നേട്ടം. ശാസ്ത്രിക്കൊപ്പമുള്ള സപ്പോർട്ട് സ്റ്റാഫും കാലാവധി തീരുന്നതിനാൽ വീണ്ടും അപേക്ഷിക്കേണ്ടി വരും.

നിലവിൽ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം അവസാനിക്കുന്നത് വരെ ശാസ്ത്രിക്കും സപ്പോർട്ട് സ്റ്റാഫിനും കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ, ബോളിങ് കോച്ച് ഭരത് അരുൺ എന്നിവരാണ് വീണ്ടും അപേക്ഷിക്കേണ്ടവർ. ടീം മാനേജർ സ്ഥാനത്തേക്കും ബിസിസിഐ അപേക്ഷ ക്ഷണിക്കുന്നുണ്ട്.

You must be logged in to post a comment Login