ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴയില്‍ ഒലിച്ച് പോയി

 

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ കൊണ്ടുപോയി. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് തുടങ്ങേണ്ടിയിരുന്ന മത്സരത്തിന്റെ ആദ്യ ദിനം ടോസ് ഇടാന്‍പോലും സാധിച്ചില്ല. ഉച്ചഭക്ഷണത്തിനുശേഷവും മഴ ശമിക്കാത്തതിനെ തുടര്‍ന്നാണ് ആദ്യ ദിനത്തെ കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.ആദ്യ മത്സരത്തില്‍ 31 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ ജയം അനിവാര്യമാണ്.

ഫോം ഔട്ടായ ശിഖര്‍ ധവാനെ പുറത്തിരുത്തി ബര്‍മിംഗ്ഹാമില്‍ പരാജയപ്പെട്ട ബാറ്റിംഗ് നിരയെ പുനരുജ്ജീവിപ്പിക്കാന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ ടീമില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനായി ഡേവിഡ് മലാന് പകരം ടീമിലെത്തിയ ഒലീ പോപ്പ് അരങ്ങേറും. ബെന്‍ സ്‌റ്റോക്‌സ് കേസില്‍ കുറ്റവിചാരണ നേരിടുന്നതിനാല്‍ ഇംഗ്ലീഷ് നിരയിലുണ്ടാകില്ല.എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ തോറ്റത് 31 റണ്‍സ് വ്യത്യാസത്തിലാണെങ്കിലും സ്‌കോര്‍ബോര്‍ഡ് കണ്ടാല്‍ ആരും നിര്‍ഭാഗ്യമെന്ന് പറയില്ല.

വിരാട് കോഹ്‌ലിയും ഇംഗ്ലണ്ടും തമ്മിലെ മത്സരത്തില്‍ കോഹ്‌ലി പൊരുതിത്തോറ്റു. ടീമംഗങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നായകഭാരം തോളിലേറ്റിയ കോഹ്‌ലി ഒറ്റയാനായി കളിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ ജയം തടയാനായില്ലെന്ന് ചുരുക്കം. ലോഡ്‌സില്‍ അതു മാറിയാലേ ടീം ഇന്ത്യക്ക് സാധ്യതയുള്ളൂ. ആ മാറ്റങ്ങളുടെ സൂചനയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും ഇന്ത്യയുടെ ഡ്രസിംഗ്‌റൂമിനെ ചുറ്റിപ്പറ്റിയ ചര്‍ച്ചകള്‍. പിച്ചിന്റെ മാറ്റത്തിനൊപ്പം ലൈനപ്പിലും അനിവാര്യമായ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഒന്നാം ടെസ്റ്റില്‍ ടീമിന് പുറത്തായ ചേതേശ്വര്‍ പുജാര മടങ്ങിവരുമെന്നാണ് സൂചന. പകരം ആരെ ഒഴിവാക്കുമെന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. എസക്‌സിനെതിരായ സന്നാഹ മത്സരത്തിലും കൗണ്ടി ക്രിക്കറ്റിലും പുജാര പരാജയമായെന്ന വിലയിരുത്തലാണ് ടീമിന് പുറത്താകാന്‍ കാരണമായത്. എന്നാല്‍, കൗണ്ടിയിലെ പരിചയസമ്പത്തിനെ പരിഗണിച്ചാല്‍ മതിയെന്നാണ് പൂജാരയെ പിന്തുണക്കുന്നവരുടെ പക്ഷം. നിര്‍ണായകമായ ഇന്നിംഗ്‌സുകള്‍, അനിവാര്യ സമയത്ത് അദ്ദേഹത്തിന്റെ ബാറ്റില്‍നിന്ന് പിറക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ ആരെ ഒഴിവാക്കുമെന്നതും ചോദ്യമാണ്. ശിഖര്‍ ധവാന്റെയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും പേരാണ് ഉയരുന്നത്.

ഈ വര്‍ഷം വിദേശമണ്ണില്‍ നാലു ടെസ്റ്റ് കളിച്ച പാണ്ഡ്യ 61 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. 70 ശരാശരിയില്‍ 122 സ്‌ട്രൈക് റേറ്റ്. ഒരു ഓള്‍റൗണ്ടറില്‍നിന്നുള്ള സംഭാവന ഇതു പോരെന്ന് നിലപാടെടുത്താല്‍ പാണ്ഡ്യ ലോഡ്‌സില്‍ പുറത്തിരിക്കും. ശിഖര്‍ ധവാന്‍-മുരളി വിജയ് കൂട്ട് ഓപണ്‍ ചെയ്യുമ്പോള്‍ ലോകേഷ് രാഹുലിനെ പിന്നോട്ടിറക്കി പുജാര മൂന്നാമനായോ അല്ലെങ്കില്‍ 56 സ്ഥാനത്തോ ബാറ്റ് ചെയ്‌തേക്കാം. ഈര്‍പ്പം എളുപ്പത്തില്‍ വലിയുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ടേണ്‍ കണ്ടെത്താനാവുമെന്നാണ് വിലയിരുത്തല്‍.

രണ്ടു ദിവസം മുമ്പേ പിച്ചില്‍ പുല്ല് നിലനിര്‍ത്തിയതിനാല്‍ വരുംദിവസങ്ങളില്‍ പന്ത് നന്നായി സ്വിഗ്് ചെയ്യാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍കണ്ട് രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും കളിപ്പിക്കാനാവും ഇരു ടീമുകളും തയാറാവുക. എഡ്ജ്ബാസ്റ്റണില്‍ ഇരു ടീമും ഓരോ സ്പിന്നര്‍മാരെയാണ് കളിപ്പിച്ചത്. ആര്‍. അശ്വിനൊപ്പം കുല്‍ദീപ് യാദവിനുകൂടി ഇന്ത്യ ഇടംനല്‍കിയാല്‍ അത്ഭുതപ്പെടേണ്ട. അങ്ങനെയെങ്കില്‍ ബാറ്റ്‌സ്മാന്മാരില്‍ പലരുടെയും തലകള്‍ വീണ്ടുമുരുളും.

ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് പേസ് നായകത്വം. നിര്‍ണായക നിമിഷത്തില്‍ റണ്‍സ് കൂടി കണ്ടെത്താനാവുന്ന പാണ്ഡ്യയെ നിലനിര്‍ത്തി ഉമേഷ് യാദവിനെ ഒഴിവാക്കിയാലും അത്ഭുതപ്പെടേണ്ട. ഒന്നാം ടെസ്റ്റിലെ വിജയത്തോടെ ആത്മവിശ്വാസം നിറച്ചാണ് ഇംഗ്ലണ്ടിറങ്ങുന്നത്. ബെന്‍സ് സ്‌റ്റോക്‌സും ഡേവിഡ് മലാനും പകരക്കാരായി ക്രിസ് വോക്‌സും ഒലിവര്‍ പോപും ടീമിലെത്തി. ആദ്യ കളിയിലെ മികച്ച പ്രകടനവുമായി ആദില്‍ റാഷിദും സാം കറനും ഇടം ഉറപ്പിച്ചു. ഒപ്പം അരങ്ങേറ്റക്കാരനായി പോപിനും ഇടം നല്‍കി ക്യാപ്റ്റന്‍ റൂട്ട് ടീമിനെ പ്രഖ്യാപിച്ചു. സ്‌റ്റോക്‌സിന്റെ പകരക്കാരന്‍ ക്രിസ് വോക്‌സോ, മുഈന്‍ അലിയോ എന്ന് ഇന്ന് തീരുമാനിക്കും. ജാമി പോര്‍ടറെ ഒഴിവാക്കിയാണ് 12 അംഗ സംഘത്തെ തീരുമാനിച്ചത്.

You must be logged in to post a comment Login