ഇന്ത്യ ഇറങ്ങുന്നത് ഓസ്‌ട്രേലിയയ്ക്കെതിരെ; പക്ഷെ മത്സരം രോഹിത്തും വിരാടും തമ്മിലാണ്

ബ്രിസ്ബണ്‍: ഇന്ത്യ-ഓസീസ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ബ്രിസ്ബണിനെ ഗബ്ബയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യ തന്നെയാണ് പരമ്പരയിലെ ഫേവറേറ്റുകള്‍. കഴിഞ്ഞ 12 കളികളില്‍ 11 എണ്ണവും ജയിച്ച ഇന്ത്യ മികച്ച ഫോമിലാണ് കളിക്കുന്നത്. മറുവശത്ത് ഓസ്‌ട്രേലിയയ്ക്ക് പഴയ വീര്യമില്ല. കഴിഞ്ഞ ആറ് കളികളില്‍ യുഎഇയോട് മാത്രമാണ് അവര്‍ ജയിച്ചത്.

ലോകത്തെ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍ തമ്മിലാണ് മത്സരമെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. എന്നാല്‍ അതിനേക്കാളുപരിയായി ഇന്നത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്മാരുടെ കളി കാണുന്നതിലായിരിക്കും ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ. ട്വന്റി-20യില്‍ പരസ്പരം മത്സരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും.

വിരാടിനും രോഹിത്തിനും മുന്നിലുള്ളത് ട്വന്റി-20 ക്രിക്കറ്റിലെ ഒന്നാമനാകാനുള്ള അവസരമാണ്. നിലവില്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പേരിലാണ് ട്വന്റി-20 ടോപ്പ് സ്‌കോററുടെ റെക്കോര്‍ഡ്. ഗുപ്റ്റിലിന് 2271 റണ്‍സാണുള്ളത്. തൊട്ടു പിന്നിലുള്ളത് രോഹിത് ശര്‍മ്മയാണ്. രോഹിത് വെറും 64 റണ്‍സ് പിന്നിലാണ്. ഇന്ന് കസറിയാല്‍ രോഹിത്തിന് അനായാസം ഗുപ്റ്റിലിനെ മറി കടക്കാവുന്നതാണ്.

രോഹിത്തിന് പിന്നിലുള്ളത് കോഹ്‌ലിയാണ്. കിവീസ് താരത്തേക്കാള്‍ 169 റണ്‍സ് പിന്നിലാണ് കോഹ്‌ലിയുള്ളത്. രോഹിത്തിനേക്കാള്‍ 105 റണ്‍സ് കുറവാണ് കോഹ്‌ലിയുടെ സമ്പാദ്യത്തിലുള്ളത്. പക്ഷെ കോഹ്‌ലിക്ക് അത് മറി കടക്കുക എന്നത് വളരെ എളുപ്പം സാധിക്കുന്നതാണ്. ബാറ്റെടുത്താല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന രണ്ട് പേരും കളിക്കാന്‍ ഇറങ്ങുമ്പോള്‍ ആരായാരിക്കും മുന്നിലെത്തുക എന്നത് കണ്ടറിയുക തന്നെ വേണം.

You must be logged in to post a comment Login