ഇന്ത്യ എന്‍എസ്ജി അംഗത്വത്തിന് യോഗ്യരെന്ന് അമേരിക്ക

us
വാഷിങ്ടണ്‍: ഇന്ത്യ ന്യൂക്ലിയര്‍ സപ്ലൈസ് ഗ്രൂപ്പ് (എന്‍എസ്ജി) അംഗത്വത്തിന് യോഗ്യരെന്ന് അമേരിക്ക. ആണവ മിസൈല്‍ നിയന്ത്രണ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ളവയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആവശ്യകതകളില്‍ ഇന്ത്യ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യ നേരത്തേ ശ്രമിച്ചപ്പോള്‍ ചൈന ശക്തമായി എതിര്‍ത്തിരുന്നു. അമേരിക്കയുടെ നിലപാട് ചൈനയ്ക്ക് തിരിച്ചടിയാകും.

ഇന്ത്യ എന്‍എസ്ജിയില്‍ അംഗമാകാന്‍ യോഗ്യരാണെന്ന് 2015 ല്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബെ വെളിപ്പെടുത്തി. ഇന്ത്യയുടെ അംഗത്വശ്രമത്തിനെതിരേ ചൈന ഇന്നലെയും ശബ്ദമുയര്‍ത്തിയിരുന്നു. എന്‍എസ്ജി അംഗത്വം വിപുലപ്പെടുത്തല്‍ നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് ലു കാംഗ് പറഞ്ഞിരുന്നു.

നിലവില്‍ 48 അംഗങ്ങളാണ് എന്‍.എസ്.ജിയിലുള്ളത്. ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളാണ് ആണവായുധങ്ങളുടെ ഉപയോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ആണവ നിരായുധീകരണ കരാറില്‍ ഇനി ഒപ്പു വയ്ക്കാനുള്ള രാജ്യങ്ങള്‍.

You must be logged in to post a comment Login