ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

നേപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തി 156 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 34.5 ഓവറില്‍ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് അനായാസം എത്തിച്ചത്. കോഹ്ലി ധവാന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് 157 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ സൂര്യ പ്രകാശം കണ്ണിലടിക്കുന്നതിനാല്‍ രണ്ട് തവണ ഇന്ത്യന്‍ ഇന്നിംഗ്‌സ് നിര്‍ത്തിവെക്കേണ്ടി വന്നു. ഇതേ തുടര്‍ന്നാണ് വിജയലക്ഷ്യം 156 റണ്‍സായി പുനര്‍നിര്‍ണയിച്ചത്.

ധവാന്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നു. കോഹ്ലി 45 റണ്‍സിനും രോഹിത് ശര്‍മ 11 റണ്‍സിനും പുറത്തായി. അമ്പാട്ടി റായിഡു 13 റണ്‍സെടുത്തു. നേരത്തെ കുല്‍ദീപ് യാദവിന്റെയും ഷമിയുടെയും ചാഹലിന്റെയും ബൗളിംഗ് മികവിലാണ് കിവീസിനെ 157 റണ്‍സിലൊതുക്കിയത്. കുല്‍ദീപ് നാല് വിക്കറ്റും ഷമി 3, ചാഹല്‍ 2 വിക്കറ്റുമെടുത്തു.

You must be logged in to post a comment Login