ഇന്ത്യ 187 റണ്‍സിന് പുറത്ത്; കോഹ്‌ലിക്കും പൂജാരയ്ക്കും അര്‍ധസെഞ്ചുറി

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്തായി. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (54), ചേതേശ്വര്‍ പൂജാര (50 എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ നടത്തിയ പ്രകടനവും (30) ഇന്ത്യയുടെ സ്‌കോര്‍ 180 കടക്കുന്നതില്‍ നിര്‍ണായകമായി. ആതിഥേയര്‍ക്കായി കഗീസോ റബാഡ മൂന്നു മോണി മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ഫെലൂക്വായോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

13 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായി കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിപൂജാര സഖ്യമാണ് കരകയറ്റിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പടനയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ക്ഷമയുടെ പ്രതിരൂപമായി ക്രീസില്‍ നിന്ന ചേതേശ്വര്‍ പൂജാര എന്നിവരുടെ പ്രകടനമാണ് ആദ്യ ദിനം ഇന്ത്യന്‍ ഇന്നിങ്‌സിലെ ഹൈലൈറ്റ്. 106 പന്തുകള്‍ നേരിട്ട കോഹ്‌ലി ഒന്‍പതു ബൗണ്ടറികളോടെ 54 റണ്‍സെടുത്തു. എന്‍ഗിഡിയുടെ പന്തില്‍ എ.ബി. ഡിവില്ലിയേഴ്‌സിന്റെ ഉജ്വലമായ ക്യാച്ചിലാണ് കോഹ്‌ലി പുറത്തായത്. 179 പന്തുകള്‍ നേരിട്ട പൂജാര, എട്ടു ബൗണ്ടറികളോടെ 50 റണ്‍സെടുത്തു പുറത്തായി.

രണ്ടാം ടെസ്റ്റില്‍ അവസരം നിഷേധിക്കപ്പെട്ട ഭുവനേശ്വര്‍ കുമാര്‍ തിരിച്ചുവരവില്‍ കാഴ്ചവച്ച പ്രകടനവും ഇന്ത്യയ്ക്ക് തുണയായി. കോഹ്‌ലിക്കും പൂജാരയ്ക്കും ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന ഏക താരമായ ഭുവനേശ്വര്‍ 49 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 30 റണ്‍സെടുത്തത്. അവസാന വിക്കറ്റില്‍ ബുമ്രയ്‌ക്കൊപ്പം ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്ത 21 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 180 കടത്തിയത്. ഈ 21 റണ്‍സും പിറന്നത് ഭുവനേശ്വറിന്റെ ബാറ്റില്‍നിന്നു തന്നെ.

അതേസമയം, ഇരുവര്‍ക്കുമൊഴികെ മറ്റാര്‍ക്കും നിലയുറപ്പിക്കാനാകാതെ പോയത് ഇന്ത്യയ്ക്ക് ക്ഷീണമായി. മുരളി വിജയ് (എട്ട്), ലോകേഷ് രാഹുല്‍ (0), അജിങ്ക്യ രഹാനെ (ഒന്‍പത്), പാര്‍ഥിവ് പട്ടേല്‍ (രണ്ട്), ഹാര്‍ദിക് പാണ്ഡ്യ (0), മുഹമ്മദ് ഷാമി (എട്ട്), ഇഷാന്ത് ശര്‍മ (0) എന്നിങ്ങനെയാണ് ഇന്നു പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ജസ്പ്രീത് ബുമ്ര അക്കൗണ്ട് തുറന്നില്ലെങ്കിലും പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യ, രോഹിത് ശര്‍മയ്ക്ക് അജിങ്ക്യ രഹാനെയെയും അശ്വിനു പകരം ആര്‍.അശ്വിനു പകരം ഭുവനേശ്വര്‍ കുമാറിനെയും ഉള്‍പ്പെടുത്തിയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഫലത്തില്‍ അഞ്ച് പേസ് ബോളര്‍മാര്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ സ്പിന്നര്‍മാര്‍ക്ക് സ്ഥാനം നഷ്ടമായി. ടീം സിലക്ഷനില്‍ പഴി ഏറെ കേട്ട സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് അവസരമൊരുങ്ങിയത്.

You must be logged in to post a comment Login