ഇന്ധനവില വര്‍ദ്ധനവില്‍ നടപടിയെടുക്കാതെ കേന്ദ്രം;  ദീര്‍ഘകാല പരിഹാരമാണ് ആലോചിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവില്‍ മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവില വര്‍ദ്ധന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. ദീര്‍ഘകാല പരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന് ഇന്ധന വില ലിറ്ററിന് 25 രൂപ വരെ കുറച്ചു നല്‍കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം പറയുന്നു. ട്വിറ്ററിലാണ് ചിദംബരെ തന്റെ ആശയം പങ്കുവച്ചത്. ഇന്ധനം വഴി ജനത്തിന് മേല്‍ ചുമത്തുന്ന നികുതി ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡ് ഓയിലില്‍ വിലയനുസരിച്ച് നിലവില്‍ 15 രൂപ വരെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിന് കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാല്‍ 10 രൂപ കൂടി കുറയ്ക്കാം. ഇങ്ങനെ ചെയ്താല്‍ സാധാരണ ഉപഭോക്താവിന് ഒരുപാട് ഗുണം ലഭിക്കും. പക്ഷേ, ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങിയതിനിടെയാണ് ചിദംബരത്തിന്റെ പ്രസ്താവന എത്തത് ശ്രദ്ധേയമാണ്. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login