ഇന്നും ചൊവ്വാഴ്ചയും സംസ്ഥാനത്ത് കനത്ത മഴ; വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തകര്‍ത്ത് പെയ്യുന്ന മഴയ്ക്ക് ശമനമില്ല. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍വരെ അത്യന്തം കനത്ത മഴ പെയ്യും. ഞായറാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള മഴ പെയ്യുമെന്നാണ് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ പാത്തി ശക്തമായതോടെ അഞ്ചുനാള്‍കൂടി ഇപ്പോഴത്തെ സ്ഥിതിയില്‍ തുടരും. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് അറിയിച്ചു.

ന്യൂനമര്‍ദ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തില്‍ മഴ കൂടുമെന്നാണ് വിലയിരുത്തല്‍. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 20 സെന്റീമീറ്ററില്‍ അധികം മഴ പെയ്യാന്‍ സാധ്യത പ്രവചിച്ച ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തും കര്‍ണാടക, ലക്ഷ ദ്വീപ് തീരത്തും കാറ്റിന്റെ വേഗത 40 മുതല്‍ 50 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

You must be logged in to post a comment Login