ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി; ക്രിസ്മസിന് പണം കിട്ടാതെ ജനം വലയും

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിക്കിടെ ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി കൂടിയായതിനാല്‍ ക്രിസ്മസിന് പണം കിട്ടാതെ ജനം വലയും. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളിലേ ഇപ്പോള്‍ പണമുള്ളൂ. ഇന്നലെ പണം നിറച്ച എടിഎമ്മുകള്‍ പലതും രാത്രിയോടെ തന്നെ കാലിയായി. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ ഇന്നും നാളെയും പണം തീര്‍ന്നാല്‍ പകരം നിറയ്ക്കില്ല. പുറംകരാര്‍ എടുത്തിട്ടുള്ള ചുരുക്കം എടിഎമ്മുകളില്‍ മാത്രമാകും വീണ്ടും പണം നിറയ്ക്കുക.

സംസ്ഥാനത്ത് എറ്റവും കൂടുതല്‍ എടിഎമ്മുകളുള്ള എസ്ബിടിയുടെ മുക്കാല്‍ പങ്കിലും ശാഖകളാണ് പണം നിറയ്ക്കുന്നത്. ക്ഷാമമില്ലാത്ത 2000 രൂപയാണ് എടിഎമ്മുകളില്‍ ഇപ്പോള്‍ കൂടുതല്‍ ബാങ്കുകളിലും നിറച്ചിരിക്കുന്നത്.

മാസാവസാനമായതിനാല്‍ വളരെക്കുറച്ചു മാത്രം തുക അക്കൗണ്ടില്‍ ബാക്കിയുള്ള പലര്‍ക്കും ഇത് തിരിച്ചടിയാകും. ബാങ്കിലുള്ളതു 2000 രൂപയില്‍ താഴെയെങ്കില്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഓണം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നതു ക്രിസ്മസ്, പുതുവര്‍ഷ സീസണിലാണ്. ഒട്ടേറെ വ്യാപാര ശാലകള്‍ 25 മുതല്‍ 70% വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊക്കെ നോട്ടുക്ഷാമം തിരിച്ചടിയാകും. വൈകുന്നേരങ്ങളില്‍ സ്വൈപ്പിങ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കുന്നതില്‍ വ്യാപാരികളും ആശങ്കയിലാണ്.

You must be logged in to post a comment Login