ഇന്ന് കേരളപ്പിറവി ദിനം; വജ്രകേരളം പരിപാടിയുടെ ഉദ്ഘാടനം ഇന്ന്

niyamasabha
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം കേരളനിമയസഭ ആഘോഷിക്കുന്നു. സര്‍ക്കാറുമായി ചേര്‍ന്നാണ് ഒരു വര്‍ഷത്തെ ‘വജ്രകേരളം’ ആഘോഷം. ഒരു വര്‍ഷം നീളുന്ന ‘വജ്രകേരളം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാങ്കണത്തില്‍ ഇന്നു 10.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ സ്പീക്കര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, യു.ഡി.എഫ്. നിയമസഭാ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ടി. ഉഷ, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി തുടങ്ങിയവര്‍ പ്രസംഗിക്കും. മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് 60 മണ്‍ചിരാതുകള്‍ തെളിക്കും.

കേരളപ്പിറവി പ്രമാണിച്ച് ഇന്ന് സഭാനടപടികള്‍ ഉണ്ടാവില്ല. രാവിലെ ഒമ്പതിന് ചേര്‍ന്ന് കക്ഷിനേതാക്കളുടെ പ്രസംഗത്തോടെ സഭ പിരിയും. രാവിലെ എട്ടരയോടെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങും. 60 തിരിയിട്ട വിളക്കുകളില്‍ പ്രമുഖര്‍ ദീപം തെളിക്കും.പ്രമോദ് പയ്യന്നൂരിന്റെ കാവ്യഗാന ദൃശ്യ വിരുന്ന്, ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷനും ഡോ. കെ. ഓമനക്കുട്ടിയുടെ സംഗീത ഭാരതി ഗായകസംഘവും അവതരിപ്പിക്കുന്ന മലയാള കവിതാഗാന നാള്‍വഴി എന്നിവയുണ്ടാവും.

12ന് ദൃശ്യകലാ സമന്വയമായ ‘മലയാള കാഴ്ച’ അരങ്ങേറും. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ ഈണത്തില്‍ പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവരുടെ വരികള്‍ക്ക് നൂപുര നൃത്തസംഘം ഒരുക്കുന്നതാണിത്. 12.30ന് കേരള കാവ്യകലാനവോത്ഥാന രാഷ്ട്രീയ സഞ്ചാരങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി പേരാമ്പ്ര മാതാ മലയാളം തിേയറ്റര്‍സംഘം അവതരിപ്പിക്കും. വൈകിട്ട് 6.30ന് നിയമസഭാംഗങ്ങള്‍ക്കായി ഷഹബാസ് അമന്റെ ഗസല്‍വിരുന്നും ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login