ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച എറണാകുളം ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിലും ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്) ചേർന്ന കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു.

തീരപ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള മുന്നറിയിപ്പുകൾ

  • വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്.
  • തീരങ്ങളോട് ചേർന്നായിരിക്കും കൂടുതൽ അപകടസാധ്യത എന്നുള്ളതിനാൽ തീരത്തോട് ചേർന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടൽ/ ആഴക്കടൽ (open ocean) മേഖലകളിൽ ഇതിൻറെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളിൽ മൽസ്യബന്ധനത്തിലേർപ്പെടുന്നതിൽ തടസ്സമില്ല.
  • ഹാർബറിൽ കെട്ടിയിടുന്ന ബോട്ടുകൾ തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകൾ/വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും.
  • കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുക.
  • വള്ളങ്ങൾ/ബോട്ടുകൾ തീരങ്ങളിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലിൽ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കുക.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം വീണ്ടും തുറക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഒരു ഷട്ടർ 10 സെന്റീ മീറ്റർ ഉയർത്തി 8.5 ക്യുമെക്സ്‌ ജലം തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരമാൻ തോട്‌, പനമരം പുഴ എന്നിവയുടെ കരയിൽ 20 മുതൽ 30 സെന്റീമീറ്റർ വരെ ജലനിരപ്പ്‌ ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പരിഭ്രാന്തരാവേണ്ടെന്നും കളക്ടര്‍ അറിയിച്ചു.

You must be logged in to post a comment Login