ഇന്ന് ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും തുറക്കില്ല

കൊച്ചി: ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും രാജ്യവ്യാപകമായി മെഡിക്കല്‍ സ്‌റ്റോറുകളും തുറക്കില്ല. ഹോട്ടലുകളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ദക്ഷിണേന്ത്യന്‍ ഹോട്ടല്‍ ഉടമകള്‍ സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ഇന്ന് ഹോട്ടലുകള്‍ തുറക്കില്ല.

ഓണ്‍ലൈന്‍ ഫാര്‍മസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത്. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ എട്ടര ലക്ഷത്തോളം മരുന്നു വ്യാപാരികള്‍ പണി മുടക്കുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിക്കരുത്, ഇ പോര്‍ട്ടല്‍ സംവിധാനം കൊണ്ട് വരരുത് തുടങ്ങിയ ആവശ്യങ്ങളാണ് മരുന്ന് വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിച്ചാല്‍ ഫാര്‍മസിസ്റ്റുകള്‍ മുഖേനെ മാത്രം മരുന്ന് വിതരണം ചെയ്യുന്നത് അവസാനിക്കുകയും ആര്‍ക്കും എന്ത് മരുന്നും യഥേഷ്ടം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മരുന്നു വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നു.

You must be logged in to post a comment Login