ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്’; സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ പപ്പട അമ്മൂമ്മയ്ക്ക് നല്‍കിയത് ദുരിതം മാത്രം

 

തിരുവനന്തപുരം: ’25 പപ്പടം 20 രൂപ’ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് വില്‍പ്പന നടത്തിയിട്ടും ആരും തിരിഞ്ഞുനോക്കാതെ പോയ ഒരു അമ്മൂമ്മയുടെ വീഡിയോ കണ്ടിരുന്നില്ലേ? കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോയായിരുന്നു അത്.

ചാല മാര്‍ക്കറ്റിലാണ് പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തിയപ്പോള്‍ ആളുകള്‍ അവഗണിച്ച പപ്പട വില്‍പനക്കാരി വസുമതിയമ്മയുള്ളത്.വസുമതിയമ്മയുടെ ദയനീയത വളരെ ആവേശത്തോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. എന്നാല്‍ സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ വസുമതിയമ്മയ്ക്ക് നല്‍കിയത് കഷ്ടകാലമായിരുന്നു. ജീവിതം പഴയതിലും ദയനീയമായെന്നാണ് വസുമതിയമ്മ പറയുന്നത്.വീഡിയോ വൈറലായതോടെ സഹായവുമായി നിരവധി പേര്‍ രംഗത്തു വന്നുവെന്നും വസുമതിയമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങളെത്തി എന്നു തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

‘ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വാര്‍ത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വില്‍ക്കുന്നത്? വീട്ടില്‍ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവര്‍ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി’ വസുമതിയമ്മ നിറകണ്ണുകളോടെ പറയുന്നു.

‘ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണെന്ന് വസുമതിയമ്മ തന്നെ പറയുന്നു. ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല. എങ്ങനെയും ജോലിയെടുത്ത് ജീവിക്കും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’, വസുമതിയമ്മ അപേക്ഷിക്കുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

You must be logged in to post a comment Login