ഇമാന്റെ ശരീരഭാരം കുറഞ്ഞു; ഇനി ന്യൂറോ ചികിത്സ

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്തുകാരി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം 500 കിലോയില്‍ നിന്ന് 242 കിലോ കുറഞ്ഞു. ഇപ്പോള്‍ 262 കിലോയാണ് 36കാരിയായ ഇമാന്റെ ഭാരം.

നാഡീവ്യൂഹ സംബന്ധമായ ചികിത്സ നല്‍കുകയെന്നതാണ് അടുത്ത വെല്ലുവിളിയെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോ. മുഫസ്സല്‍ ലക്ഡവാല പറയുന്നു. മൂന്നുവര്‍ഷം മുമ്പുണ്ടായ ഒരു ആഘാതത്തില്‍ ഇമാന്റെ ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. ഇതുകാരണം മാംസപേശികളുടെ ചലനവേഗത കുറയുകയും ശരീരത്തിന്റെ ഭാരം കൂടാന്‍ ഇത് മറ്റൊരു കാരണമാവുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറപ്പി ചെയ്യുന്നുണ്ടെങ്കിലും ചികിത്സയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ നാഡീവ്യൂഹ ചികിത്സ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമിത വണ്ണം കുറക്കുകയെന്ന വെല്ലുവിളി ഏതാണ്ട് അതിജീവിക്കാനായിട്ടുണ്ട്. ശരീരത്തിലടിഞ്ഞുകൂടിയ ദ്രവഘടകം ഏതാണ്ട് ഒഴിവാക്കിക്കഴിഞ്ഞു.

അതേസമയം, അടുത്ത ബന്ധുക്കളുടെ അസാന്നിധ്യം ഇമാന് മാനസിക സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. അറബിക് അല്ലാതെ മറ്റു ഭാഷ അറിയാത്തതിനാല്‍ ആശയവിനിമയവും ബുദ്ധിമുട്ടിലാണ്. ഇതും മറ്റൊരു വെല്ലുവിളിയാണ്. ഇമാന്റെ ചികിത്സക്കായി ഇതുവരെ 65 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ചികിത്സ ഇനിയും മുന്നോട്ടുപോകേണ്ടതിനാല്‍ പണം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 11നാണ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാനെ ചികിത്സക്കായി മുംബൈയിലെത്തിച്ചത്.

You must be logged in to post a comment Login