ഇരുചക്രവാഹനയാത്രികർക്ക് ഹെല്‍മറ്റ്; കാറിൽ പിന്‍സീറ്റിലുള്ളവർക്കും സീറ്റ്‌ബെല്‍റ്റ്; നിയമം കർശനമാക്കി സർക്കാർ

ഇരുചക്രവാഹനയാത്രികർക്ക് ഹെല്‍മറ്റ്; കാറിൽ പിന്‍സീറ്റിലുള്ളവർക്കും സീറ്റ്‌ബെല്‍റ്റ്; നിയമം കർശനമാക്കി സർക്കാർ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഇതിനുപുറമെ കാറുകളില്‍ മുന്‍സീറ്റിലും പിന്‍സീറ്റിലും ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗതാഗത സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇരു ചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.


ജൂലായ് ആറിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് വകുപ്പ് സെക്രട്ടറിയുടെ കത്ത്. ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.

കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴും ഇത് നടപ്പിലാക്കുന്നില്ലെന്നാണ് മനസിലാകുന്നത്. മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുമുള്ള യാത്രകളെ പ്രോസ്താഹിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login