ഇരുചക്രവാഹന വിപണിയില്‍ ഇടം തേടി ഐഡര്‍

Untitled-4 copyബാംഗ്ലൂര്‍: കടുത്ത മത്സരം അരങ്ങുതകര്‍ക്കുന്ന ഇരുചക്രവാഹന വിപണിയില്‍ ഇടം തേടി ഐഡര്‍ മോട്ടോഴ്‌സ് എത്തുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയും മത്സരക്ഷമമായ വിലകളില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ അവതരിപ്പിച്ച് വിപണി പിടിക്കുകയാണു കമ്പനിയുടെ തന്ത്രം. നിര്‍മാണ സൗകര്യങ്ങള്‍ക്കും പുതിയ മോഡല്‍ അവതരണങ്ങള്‍ക്കുമൊക്കെയായി 2,000 കോടി രൂപ മുടക്കാനാണു കമ്പനിയുടെ ആലോചന.
പുണെ, ഗുഡ്ഗാവ്, അഹമ്മദബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാലു നിര്‍മാണശാലകള്‍ സ്ഥാപിക്കാനാണ് ഐഡര്‍ മോട്ടോഴ്‌സ് തയാറെടുക്കുന്നത്. ഈ ശാലകളിലായി എണ്ണായിരത്തോളം പേര്‍ക്കു ജോലി ലഭിക്കുമെന്നാണു പ്രതീക്ഷ. കമ്യൂട്ടര്‍ വിഭാഗത്തില്‍ ഐഡര്‍ മോട്ടോഴ്‌സ് അവതരിപ്പിക്കുക ‘സ്റ്റോയിക്’ ആണ്. 110 സി സി എന്‍ജിനുള്ള ബൈക്കിന് ഓരോ ലീറ്റര്‍ പെട്രോളിനും 110 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണു കമ്പനിയുടെ വാഗ്ദാനം. 110 മുതല്‍ 250 സി സി വരെ എന്‍ജിന്‍ ശേഷിയോടെ അഞ്ചു മോട്ടോര്‍ സൈക്കിളുകളും ഒരു സ്‌കൂട്ടറുമാണു കമ്പനി അവതരിപ്പിക്കുക; 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാവും വാഹനങ്ങള്‍ക്കു വില.
വിപണന ശൃംഖല സ്ഥാപിച്ചും സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത ഉറപ്പാക്കിയും ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്താന്‍ മൂന്നു മാസമെടുക്കുമെന്ന് ഐഡര്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ ശിവകുമാര്‍ അറിയിച്ചു. കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുമായി മധ്യവര്‍ഗ ഉപയോക്താക്കളെയാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായി 110 ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന ഐഡര്‍ മോട്ടോഴ്‌സ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ 250 ഷോറൂം സ്ഥാപിക്കും. ഇതോടൊപ്പം 1,800 അംഗീകൃത സര്‍വീസ് സെന്ററുകളും തുടങ്ങും. ബൈക്കുകള്‍ക്കുള്ള എന്‍ജിന്‍ നിര്‍മിച്ചു നല്‍കുന്നതു ചൈനയില്‍ ലോന്‍സിന്‍ ഇന്‍ഡസ്ട്രീസാണ്. സാങ്കേതികവിദ്യയ്ക്കായി ജാപ്പനീസ് കമ്പനിയുമായും ധാരണയിലെത്തിയിട്ടുണ്ട്.
ഹൈദരബാദ് ആസ്ഥാനമായി ഡിസ്‌പോസിബിള്‍ സിറിഞ്ച്  ക്രം പൗഡര്‍ ഗൃഹോപകരണ നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍വാണ ഗ്രൂപ്പില്‍പെട്ട ഐഡര്‍ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷമാണു റജിസ്‌ട്രേഷന്‍ നേടിയത്. ചെയര്‍മാനായ ശിവ കുമാറിന് ഇരുചക്ര വാഹനങ്ങളോടുള്ള താല്‍പര്യമാണ് ഐഡര്‍ മോട്ടോഴ്‌സിന്റെ പിറവിക്കു വഴി തെളിച്ചത്.

You must be logged in to post a comment Login