ഇരുമുന്നണികളും ജനങ്ങളെ വിഡ്ഢികളാക്കി, മലയാളികള്‍ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല: നരേന്ദ്ര മോദി

PM Modi launches "Make in India Mission"കൊച്ചി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനരംഗത്തു മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറ പുതിയകാവിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. അവിടെ ദുരിതവും സംഘര്‍ഷവും മാത്രമാണുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും മോദി കുറ്റപ്പെടുത്തി.

കേരളത്തില്‍ ദരിദ്രര്‍ ദരിദ്രരായി തന്നെ കേരളത്തില്‍ ജീവിക്കുന്നു. രണ്ടുവര്‍ഷം മുന്‍പുള്ള പത്രങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ മാത്രമാണ് നിറഞ്ഞത്. കേന്ദ്രത്തില്‍ കല്‍ക്കരിയും കേരളത്തില്‍ സോളറും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളുണ്ട്, 24 മണിക്കൂറും വൈദ്യുതിയുണ്ട്, കര്‍ഷകര്‍ക്ക് മികച്ച സൗകര്യങ്ങളുണ്ട്, വിദ്യാഭ്യാസ സൗകര്യങ്ങളുണ്ട്. നമ്മുടെ സൈനികര്‍ ദുര്‍ഘടമായ കാലാവസ്ഥാ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പില്‍ വരുത്താനായി അവര്‍ ആവശ്യപ്പെട്ടിരുന്നു. പല സര്‍ക്കാരുകള്‍ വന്നു. പക്ഷേ, അവരുടെ ആവശ്യങ്ങളെ പരിഗണിച്ചില്ല. ഞങ്ങള്‍ അധികാരത്തിലെത്തി, ആ വാഗ്ദാനം നടപ്പാക്കി. കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തിലെ ജനങ്ങളെ വിഢ്ഢികളാക്കി. മലയാളികള്‍ എന്തുകൊണ്ടിതു തിരിച്ചറിയുന്നില്ലെന്നും മോദി ചോദിച്ചു.

ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഒന്‍പതു പേരെ രക്ഷപെടുത്തിയതില്‍ സന്തോഷമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള ആറുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നുപേരെയുമാണ് രക്ഷിച്ചത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ അവരെ ഇന്ത്യയിലെത്തിക്കും. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ ഭീകരരില്‍ നിന്ന് ഞങ്ങള്‍ രക്ഷിച്ച് നാട്ടിലെത്തിച്ചു, മോദി പറഞ്ഞു.

മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അതേസമയം, സൊമാലിയ വിവാദത്തില്‍ മോദി പരാമര്‍ശം നടത്തിയില്ല.

You must be logged in to post a comment Login