ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ ഷിയ അമില്‍ ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മാര്‍ക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകളുണ്ടായി. തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് കരുതുന്നത്. അടുത്തിടെ ഐഎസ് നിരവധി സമാന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഐഎസില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് ആക്രമണം.

കഴിഞ്ഞ മാസങ്ങളിലായി 1,80,000ത്തിലധികം പേരാണ് മൊസൂളില്‍ നിന്ന് പലായനം ചെയ്തത്. അതേസമയം ഐഎസ് ഭീകരര്‍ ഒരു ഇറാഖി പൊലീസ് കേണലിനെയും മൊസൂളിലെ മറ്റ് 8 ഉദ്യോഗസ്ഥരെയും പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സ്‌ഫോടനം എന്നതും ശ്രദ്ധേയമാണ്. അതേസമയം ഐഎസിനെ ഇല്ലാതാക്കാനുള്ള ഇറാഖി സൈന്യത്തിന്റെ നീക്കം അവസാനഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

You must be logged in to post a comment Login