ഇറാന്‍ അമേരിക്കന്‍ പൗരന്‍മാരെ വിലക്കി

ടെഹ്‌റാന്‍: മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് മറുപടിയുമായി ഇറാന്‍. മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതോടെ ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്കക്കയില്‍ പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. ‘ട്രംപിന്റെ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലാണ്. ഇത് അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാകുമെന്നും’ ഇറാന്‍ വിദേശ കാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്ക നല്‍കിയ സംഭാവനയായി തീരുമാനം വായിക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട കാലഘട്ടത്തിലല്ല നമ്മള്‍ ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

You must be logged in to post a comment Login