ഇറോം ഷര്‍മിള: ഉറച്ചനിലപാടിലൂടെ ശ്വാസം നിലനിര്‍ത്തിയ ഉരുക്കുവനിത

irom-sharmilaഡോ. ഗിന്നസ് മാടസ്വാമി
ശക്തനായ എതിരാളിയെ നേരിടുവാനും  അനീതിക്കെതിരെ പടപൊരുതുവാനും  തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നതിന് പകരം നിശബ്ദതയിലൂടെ സഹനസമരം എന്ന ശക്തമായ ആയുധം ഉപയോഗിച്ച് രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയുടെ പാത പിന്‍തുടര്‍ന്ന്  ഒന്നരപതിറ്റാണ്ടിലേറെ  തന്റെ സംസ്ഥാനത്തില്‍  സൈന്യത്തിനുള്ള പ്രത്യേക അധികാരം എന്ന 1958 ല്‍ പാസ്സാക്കിയ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരാഹാരം നടത്തിയ ചാനു എന്ന ഇറോം ഷര്‍മിള തന്റെ നിരാഹാരം നാഗസാക്കി ദിനമായ ഓഗസ്റ്റ് 9 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്റെ നിരാഹാരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍  ജീവന്‍ റെഡ്ഡി സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഭാഗീകമായി ഈ നിയമം മണിപ്പൂര്‍ സംസ്ഥാനത്ത് പിന്‍വലിച്ചെങ്കിലും പൂര്‍ണ്ണമായി തന്റെ സമരത്തിലൂടെ വിജയം കൊയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ച് രാഷ്ട്രീയരംഗത്ത് കുതിക്കുവാന്‍ തീരുമാനിച്ചതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസം ചാനു നടത്തിയ ഏവരേയും അമ്പരപ്പിച്ച പ്രഖ്യാപനം.
പ്രത്യേക സൈനിക നിയമം അഥവാ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവ്വേഴ്‌സ് ആക്ട് 1958 മണിപ്പൂര്‍ അടക്കം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാധകമാക്കിയത് 1980ന് ശേഷമാണ്.  2000 നവംബര്‍ 2 ന്  ഇംഫാലില്‍ മാലോം എന്ന സ്ഥലത്ത്  ബസ് കാത്തു നിന്നവര്‍ക്കെതിരെ  അസാം റൈഫിള്‍ സൈനികര്‍ വെടിയുതിര്‍ത്തപ്പോള്‍ 18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയടക്കം  10 പേരാണ് മരിച്ചത്. സിനാം ചന്ദ്രമണി എന്ന പെണ്‍കുട്ടി 1958 ന് ദേശീയ ധീരതയ്ക്കുള്ള പുരസ്‌കാരം  നേടിയിരുന്നു. ഈ കുട്ടിയടക്കമാണ് മരണത്തിനിടയായത്.  ഈ സംഭവം ഇറോം ഷര്‍മിളയെ വളരെയധികം  ദുഖത്തിന് ഇടയാക്കുകയും അന്ന് 28 വയസ്സ് പ്രായം മാത്രമായിരിക്കെ 2000 നവംബര്‍ 5 മുതല്‍ ഈ നിയമം പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് വരെ  വെള്ളമോ, മറ്റ് ആഹാരമോ കഴിക്കാതെ നിരാഹാരം എന്ന സഹന സമരം ആരംഭിച്ചു.  സമരം കൂടുതല്‍ കരുത്ത് നേടിയതോടെ കേന്ദ്രസര്‍ക്കാര്‍ നിരവധിയായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും   ഷര്‍മിള സമരം അവസാനിപ്പിച്ചില്ല. പലതവണ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ലോകത്തിന് തന്നെ നിരാഹാരത്തിന്റെ ശക്തി കാണിച്ചുകൊടുക്കുവാന്‍ തന്റെ ഉറച്ച നിലപാടിലൂടെ ശ്വാസം ഒന്നരപതിറ്റാണ്ടിലേറെ നിലനിര്‍ത്തുകയാണുണ്ടായത്.  ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ നിരാഹാര സമരം ഷര്‍ളിയുടേതായിരുന്നു. ലോക് പാല്‍ ബില്ലിന് വേണ്ടി ഗാന്ധിയനായ അണ്ണാഹസ്സാരെ  തുടര്‍ച്ചയായി ദിവസങ്ങള്‍ മാത്രം നിരാഹാര സമരം നടത്തി ലോക ശ്രദ്ധ നേടുകയും  ബില്ല് പാസ്സാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുവാന്‍ സമരത്തിലൂടെ സാധിച്ചു. എന്നാല്‍ ഷര്‍മിളയുടെ സമരം എങ്ങുമെത്താതെ സ്ഥിതിയിലേക്കാണ് കലാശിച്ചത്.
രാജ്യത്ത്   മണിപ്പൂര്‍, മേഘാലയ , മിസ്സോറാം , നാഗാലന്റ്, ആസ്സാം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനധികൃത ആയുധങ്ങളുടേയും തോക്കുകളുടേയും  കച്ചവടം വര്‍ഷങ്ങളായി നടക്കുന്നു. കൂടുതലും ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ സൂക്ഷിക്കുന്നത് അവിടുത്തെ ജന്മികളും തീവ്രവാദബന്ധമുള്ള വ്യക്തികളുമാണ്.  കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2589 അനധികൃത ആയുധങ്ങള്‍ ആസാമില്‍ നിന്നും 1210 എണ്ണം മണിപ്പൂരില്‍ നിന്നും  കേന്ദ്രസേന പിടിച്ചെടുക്കുകയുണ്ടായി. ഏകദേശം 100 മില്യണ്‍ ചെറുകിട ആയുധങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി നിര്‍മ്മിക്കപ്പെടുന്നുണ്ട്.
ഒരു ദിവസം  12 പേരെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍  അനധികൃത ആയുധങ്ങളുടെ ഏറ്റുമുട്ടലില്‍  മരിക്കുന്നു. ലോകമെമ്പാടും 650- മില്യണ്‍ അനധികൃത ആയുധ ഇടപാടുകളാണ് നടക്കുന്നത്. 8 മില്യണ്‍ ആയുധങ്ങള്‍ ഓരോവര്‍ഷവും നിര്‍മ്മിക്കപ്പെടുന്നുണ്ട്.  ഈ ആയുധങ്ങളെല്ലാം ഏഷ്യന്‍രാജ്യങ്ങളില്‍ അനധികൃതമായി കച്ചവടം ചെയ്യപ്പെടുന്നു. ഇതിനെതിരെ 2001 ല്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക ഉടമ്പടി  കൊണ്ടുവരുവാന്‍ ശ്രദ്ധ നല്‍കുകയും 2006 ല്‍ 153 രാജ്യങ്ങള്‍ ആംസ് ട്രേഡ്  ട്രീറ്റിയില്‍  ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാലും ആയുധ കച്ചവടങ്ങള്‍ ദൈനംദിനം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.  മണിപ്പൂര്‍ സംസ്ഥാനത്ത് ഇതിന്റെ വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ നിരവധി സന്നദ്ധ സംഘടനകള്‍ പോരാടുന്നു. എന്നാലും തീവ്രവാദ ആക്രമണവും ആഭ്യന്തര കലാപവും കുറയ്ക്കുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. മണിപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ ആംസ് ഫൗണ്ടേഷന്റെ ചെയര്‍മാനായ  ബീനാ ലക്ഷ്മി നെഫ്‌റം എന്ന  വനിത  ആംസ് ട്രേഡ് ട്രീറ്റിയുടെ ആവശ്യകത ലോകമെമ്പാടും പ്രചരിപ്പിച്ചു വരികയാണ്.
ഇറോം ഷര്‍മിളയുടെ സമരം  സൈന്യത്തിന് നല്‍കിയിട്ടുള്ള  പ്രത്യേക അധികാരം  റദ്ദാക്കുക  എന്ന ലക്ഷ്യമാണെങ്കിലും അനധികൃത ആയുധ കച്ചവടവും അതിനാലുണ്ടാകുന്ന ആക്രമണങ്ങളും തടയിടുവാന്‍  കേന്ദ്ര സര്‍ക്കാര്‍  പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്. സഹനസമരം എന്ന ശക്തമായ ആയുധം  16 വര്‍ഷത്തോളം പ്രയോഗിക്കുവാന്‍ ഷര്‍മിള തയ്യാറായത് ലോകത്തിന് തന്നെ മാതൃകയായിരിക്കും.  ഗൊഹാത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച സന്നദ്ധ സംഘടനയും, സയന്‍സ് ആന്റ് റേഷനലിസ്റ്റ്  അസോസിയേഷന്‍ ഓഫ് ഇന്ത്യയും 2005 ലും 2010 ലും ഇറോം ഷര്‍മിളയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുവാന്‍ നോമിനേഷന്‍ നല്‍കിയെങ്കിലും നാളിതു വരെ  പരിഗണിക്കപ്പെട്ടിട്ടില്ല.

You must be logged in to post a comment Login