ഇളംനീല വെള്ളയിൽ കലരുന്നു; മെസിയുടെ മടങ്ങി വരവ്, പുതിയ തിളക്കവുമായി അർജന്റീന

ബ്യൂണസ് ഐറിസ്: ക്ലബ് പോരാട്ടങ്ങൾക്ക് ഇടവേള നൽകി താരങ്ങൾ രാജ്യത്തിനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനിടെ പുതിയ ജേഴ്സിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ശക്തികളായ അർജന്റീന. വെനസ്വല, മൊറോക്കോ ടീമുകൾക്കെതിരായ സൗഹ‌ൃദ പോരാട്ടത്തിനും വരാനിരിക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തിലും ഈ പുതിയ ജേഴ്സിയണിഞ്ഞാവും അർജന്റീന കളിക്കാനിറങ്ങുക.

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന സൂപ്പർ താരം ലയണൽ മെസി വീണ്ടും ദേശീയ ടീമിനൊപ്പം ചേർന്നു. പുതിയ ജേഴ്സിയണിഞ്ഞുള്ള മെസിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആഡിഡാസാണ് ടീമിനായി ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്.

പതിവ് ശൈലിയിൽ നിന്ന് ചെറിയ വ്യത്യാസത്തോടെയാണ് പുതിയ ജേഴ്സി. നേരത്തെ വെള്ളയും നീലയും വരകളുള്ള ജേഴ്സിയായിരുന്നു അർജന്റീനയുടേതെങ്കിൽ, ഒരു നിറം മറ്റൊന്നിലേക്ക് കൂടിച്ചേരുന്ന വിധത്തിലുള്ളതാണ് ടീമിന്റെ പുതിയ ജേഴ്സി. നീലയും വെള്ളയും തന്നെയാണ് ജേഴ്സിയുടെ നിറം. തങ്ങളുടെ പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യാസമുള്ള അർജന്റീനയുടെ പുതിയ ജേഴ്സിയെക്കുറിച്ച് ആരാധകർക്ക് പക്ഷേ സമ്മിശ്ര അഭിപ്രായമാണുള്ളത്. അർജന്റീനയ്ക്കൊപ്പം കൊളംബിയ, മെക്സിക്കോ ടീമുകളും പുതിയ ജേഴ്സികൾ പുറത്തിറക്കിയിട്ടുണ്ട്.

You must be logged in to post a comment Login