ഇവിടെ ജോണ്‍ ഇങ്ങനെ

  • നീരജ വര്‍മ്മ

മണ്ണിനിണങ്ങുന്ന കൃഷിരീതി, വിഷലേശമില്ലാത്ത വിളകള്‍,
ഭൂമിയെ സദാ ഉര്‍വ്വരമാക്കുന്ന ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍… പാലക്കാട് ജില്ലയിലെ
പൂടൂര്‍ ഗ്രാമത്തിലെ
ജോണ്‍ എന്ന പ്രവാസി സ്വജീവിതംകൊണ്ട്
സമൂഹത്തിന് ഒരു
കൃഷിപാഠം നല്‍കുന്നു…

‘ജനം കൃഷിയിലേക്ക് തിരിയണം. സമൂഹം കൃഷി ഏറ്റെടുക്കണം. ജലാശയങ്ങളെ സംരക്ഷിക്കണം. ഭൂമിക്ക് ദാഹമില്ലാതാക്കണം. അതിനുള്ള നിയമങ്ങളുണ്ടാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണം.’ പൂടൂര്‍ നാരേക്കാട്ട് ആതിരവില്ലയില്‍ എന്‍.വി തങ്കച്ചന്‍ ജോണ്‍ എന്ന കര്‍ഷകന്റെ പത്തേക്കര്‍ പുരയിടത്തിലൂടെ നടക്കുമ്പോള്‍ ജോണിന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനേക്കാള്‍ ശ്രദ്ധ അവിടുത്തെ ഓരോ ചെടികളെയും കുറിച്ചറിയുന്നതിലായിരുന്നു. ഒരു വനത്തിനു നടുവിലാണോ എന്ന സംശയം തോന്നിപ്പിക്കുകയും അല്ലെന്നുറപ്പിക്കുകയും ചെയ്യുന്ന വരമ്പുകള്‍, വരമ്പിന്റെ രണ്ടുവശങ്ങളിലും നിരന്ന കവുങ്ങുകള്‍. കവുങ്ങുകളില്‍ എല്ലാം കുരുമുളകു ചെടി പടര്‍ന്നിരിക്കുന്നു. 4 തെങ്ങ്, ഇടയ്ക്ക് ഒരു ജാതി, ചുറ്റും കൊക്കോ ,ഇതിന്റെയെല്ലാം ഇടവിളകള്‍ പലത്. വരമ്പിന്നരികിലായി സൗത്ത് അമേരിക്കക്കാരി ചീര ഛായാമന്‍സ. ഗോത്രവര്‍ഗ്ഗക്കാരുടെ പോഷകക്കുറവ് പരിഹരിക്കുന്ന ചെടി ഇദ്ദേഹത്തിന്റെ മള്‍ട്ടിക്രോപ്പില്‍ നമുക്കു പരിചിതമല്ലാത്ത പലതരം. നാടനും ഫോറിനുമെല്ലാമുണ്ട്. ആയിരത്തഞ്ഞൂറോളം തെങ്ങ് രണ്ടായിരത്തിലധികം കൊക്കോ, നൂറിലധികം ജാതി. അതില്‍ ഒരെണ്ണം ഇരട്ടജാതിക്ക.

50 കൊല്ലം മുമ്പ് സര്‍ക്കാര്‍ കര്‍ഷകനോടൊപ്പമായിരുന്നു. അന്ന് മണ്ണൊലിപ്പ് തടയാനും മറ്റും പ്രത്യേക പദ്ധതികള്‍ ഉണ്ടായിരുന്നു. ഈയടുത്തകാലത്ത് പഞ്ചായത്തില്‍ അതുപോലുണ്ടായ ഒരു സ്‌കീമിലാണ് ഒരു കരിങ്കല്‍ ഭിത്തി നടുവില്‍ കെട്ടി വേര്‍തിരിച്ചത്. മണ്ണൊലിപ്പു തടയാന്‍ തന്നെയാണിതിന്റെ ലക്ഷ്യവും. തട്ടുകള്‍ തിരിച്ച് മുകളില്‍ നിന്നു താഴേക്കുള്ള വരമ്പുകളില്‍ മണ്ണൊലിച്ചു പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍. മുന്നോട്ടു നടക്കുമ്പോള്‍ കടച്ചക്കമരക്കൂട്ടം. ഇതില്‍ ഒന്നു മാത്രമേ കൊണ്ടുവന്ന് നട്ടുള്ളൂ. ബാക്കിയെല്ലാം തനിയെയുണ്ടായവ. പുഴയിലേക്കിറങ്ങാന്‍ ഒരു ചെറിയ ഗേറ്റ്. അങ്ങോട്ടെത്തുന്നതിനു മുമ്പായി വലിയൊരു കൊക്കര്‍ണി. ആ കിണറിന്റെ വക്കുകളെ പിടിച്ചുകൊണ്ടൊരു ഇത്തിമരം. പലതരം ഓറഞ്ചുകളുടെ നിരകള്‍. സാറാപ്പഴം, ബബ്ലൂസ്, വടുകപുളി, മാള്‍ട്ടാ, മൂസാംബി, ഗണപതി നാരങ്ങാ… വരമ്പിലൂടെ,നടക്കുമ്പോഴൊരു പേരക്കാ പറിച്ചുതിന്നണമെന്നു തോന്നിയാലോ അതുമാവാം. കൈയ്യെത്തും ദൂരത്ത് പേരയ്ക്കാമരങ്ങള്‍. ഞാവല്‍പ്പഴങ്ങള്‍ മുഴുവന്‍ വാവലാണ് തിന്നുന്നത്. കുരുക്കള്‍ താഴെ വീണു കിടപ്പുണ്ട്. ആകര്‍ഷകമായ മാവുകള്‍. അതിലൊന്നില്‍ ആയൂര്‍വ്വേദമരുന്നിനുള്ള നെയ്യ് കുമ്പളങ്ങ.

സേലം, മാള്‍ഗോവ, ആന്ധ്രക്കാരന്‍ മംഗനപ്പളളി, സിന്ധൂരം, കാട്പ്പാടി, ആല്‍ഫോണ്‍സാ, ചന്ത്രക്കാരന്‍, തോത്താപ്പൂരി, നോര്‍ത്തിന്ത്യനായ ലങ്ക്ട, ഗുദാ ദത്ത്, മള്‍ഗോവ പിന്നെ നമ്മുടെ നാടന്‍ മാങ്ങകളായ നീലന്‍, കിൡചുണ്ടന്‍, കര്‍പ്പൂരം, തിരുവനന്തപുരത്തിന്റെ മാത്രം സ്വത്തായ കോട്ടൂര്‍ക്കോണം അങ്ങിനെ നീളുന്ന നിരകള്‍ക്കപ്പുറത്ത് പച്ചക്കറിതോട്ടം. പച്ചമുളക് കാശ്മീരി ചില്ലിയടക്കമുള്ള വിവിധതരം. വെണ്ട, വഴുതന, നിത്യവഴുതന, ചതുരപയര്‍, പയര്‍, ഒരു പന്തലില്‍ പീച്ചിങ്ങ, പടവലങ്ങ, അപ്പുറത്ത് ചീര. കാച്ചിലും ചെറുകിഴങ്ങും കൂവയും. ഇഞ്ചി, മഞ്ഞള്‍, ചേന , കപ്പ അങ്ങിനെ വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും. പ്ലാവ്, കാപ്പി, നെല്ലി, ഇവയെല്ലാം ഇവിടുണ്ട്. സ്വന്തം തോട്ടത്തില്‍ നിന്നുണ്ടാകുന്നവ മാത്രമെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു എന്ന് ജോണിന് നിര്‍ബന്ധമാണ്. ഒരിത്തിരിപോലും വിഷാംശമില്ലാത്തവ. ഈ തോട്ടത്തിലെ ആകര്‍ഷകമായ മറ്റു ചിലവൃക്ഷങ്ങളാണ് കുന്തിരിക്കം, കറുവപ്പട്ട, കുടംപുളി, ശിംശിപാപൃക്ഷം, അത്തി, മാംഗോസ്റ്റിന്‍, ലെമണ്‍ ഡ്രോപ്പ്, ആപ്പിള്‍, മള്‍ബറി, മുള്ളാത്ത, സ്വീറ്റ് അമ്പഴം, മലയന്‍ ആപ്പിള്‍, വെല്‍വറ്റ് ആപ്പിള്‍, ബര്‍ബിന്‍ ഗ്രേപ്പ്, ഈറന്‍ പന, പതിമുഖം, മാഞ്ചിയം എന്നിവ.

വിദേശികളായ പഴങ്ങളുടെ ഒരു പുതിയ തട്ടുണ്ടാക്കി വരുന്നു. മലേഷ്യക്കാരായ ഐസ്‌ക്രീം ബീന്‍സ്, സോണ്‍കോവ, മില്‍ക്ക് ഫ്രൂട്ട്, ( വെള്ളയും ചുവപ്പും) ആഫ്രിക്കന്‍ പിസ്ത, തായ് സ്വീറ്റിഫുളി, സ്പാനീഷ് ലൈം, മട്ടോവ ഫ്രൂട്ട്,സ്വീറ്റ് ലൂവിലൂവി, ( ലോലോലിക്ക), ജെബോട്ടിക്ക, അബ്യൂ, പീനട്ട്, ലാംസെറ്റ്, സ്റ്റാര്‍ ഫ്രൂട്ട്, റാം പഴം, ( ചുവന്ന ആത്ത) റോളിന, ( പച്ച ആത്ത) ആവുക്കാടന്‍, തായ് ചാമ്പ, റംബൂട്ടാന്‍, ഫിലോസാന്‍ ആങ്ങിനെ ആ നിര നീളുന്നു. ഇതില്‍ റോളിനയെന്ന പച്ച ആത്തയുടെ പൂവ് ഫാനിന്റെ ലീഫുപോലയാണ്. കിഴങ്ങുവര്‍ഗ്ഗത്തില്‍ ചേമ്പിന്റെ ബംഗാളിയിനവും മധുരചേമ്പ്, ഊരാളി ചേമ്പ് എന്നിവയും. ഊരാളി ചേമ്പു പുഴുങ്ങി തിന്നാനാണത്രെ ഒരുകാലത്ത് കേരളീയര്‍ വിശപ്പകറ്റിയിരുന്നത്. ഇതിനൊക്കെ പുറമെ കാവല്‍ക്കാരായിരിക്കുന്ന നായ്ക്കള്‍. പാലിനും ചാണകത്തിനുമായി പശുക്കള്‍. പുതിയതായി വെച്ചൂര്‍ പശുവും കാസര്‍കോട് കുള്ളനുമെത്തിയിട്ടുണ്ട്. മുട്ടക്കും ഇറച്ചിക്കുമായ് കോഴികള്‍. തുറസ്സായ സ്ഥലത്ത് കമ്പികെട്ടിയവരെ വേര്‍തിരിച്ചിരിക്കുന്നു.

പൂടൂര്‍ പുഴയുടെ മറുവശത്ത് തെങ്ങുംവാഴയുമൊക്കെയായി നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി മറ്റൊരു മൂന്നേക്കര്‍. ജോണിന്റെ കൃഷിക്ക് ജൈവമാണെങ്കിലും പ്രകൃതിയില്‍ നിന്നു മാത്രമാണ് വളങ്ങള്‍. പൊഴിയുന്നവയെല്ലാം മണ്ണിലലിഞ്ഞ് വളമാകുന്നു. മണ്ണിരകളുണ്ടാക്കുന്ന വളം, പഴങ്ങളും തൊണ്ടും ഇലയും കമ്പും വീണലിഞ്ഞ് മണ്ണിനും നൈസര്‍ഗ്ഗികത വരുന്നു. പച്ചില വളവും ചാണകവും ചാരവുമൊക്കെയാണ് അല്ലാതെ ഉപയോഗിക്കുന്നത്. നനയ്ക്കുന്നത് സാധാരണ പൈപ്പുകൡലൂടെയും. സിപ്രിംഗീള്‍ നനയല്ലാത്തതിനാല്‍ പുല്ലിന്റതിപ്രസരവുമില്ല. തീറ്റപുല്ല് വിതച്ചുണ്ടാക്കുകയും ചെയ്യുന്നു. കൃഷിയിടത്തിലെ രണ്ടു ശത്രുക്കളിലൊന്ന് കൊതുകു കടിയും മറ്റേത് പന്നിയും. വരമ്പ് പന്നികള്‍ കിളച്ചു മറിച്ചിട്ടു കിടക്കുന്നത്, തിന്നാന്‍ കിട്ടാത്തതിന്റെ കലിതീര്‍ക്കലാവാം. ജോണ്‍ 27 വര്‍ഷം മുമ്പ് ഡാക്കയില്‍ നിന്ന് അമേരിക്കന്‍ കമ്പനിയിലെ നല്ല വരുമാനമുപേക്ഷിച്ച് കൃഷിയിലേക്കു തിരിഞ്ഞത് യാദൃശ്ചികമായിരുന്നു. മലമ്പുഴ കാണാനെത്തിയ ജോണ്‍ ബേക്കര്‍ സ്‌റ്റൈലില്‍ ആര്‍ട്ടിസ്റ്റ് ദേവന്‍ സ്വന്താവശ്യത്തിനു നിര്‍മ്മിച്ച വീട് വിലയ്‌ക്കെടുത്തപ്പോള്‍ മണ്ണിട്ട റോഡിന്നരികിലായി എന്നതു മാത്രമായിരുന്നു ദുഃഖം. കാടിനു നടുവില്‍ ജീവിക്കുക എന്ന ലക്ഷ്യം നിര്‍വ്വഹിക്ക്യാനായദ്ദേഹം ഈ കൃഷിയിടത്തിനു നടുവിലൊരു നാലുകെട്ട് പണിയണമെന്നാഗ്രഹത്തിലാണ്. പഴയ കേരളീയ പാരമ്പര്യമനുസരിച്ചൊരു സംസ്‌കാരത്തിലേക്ക്.

മതവിശ്വാസിയല്ലാത്ത പുറമെ പരുക്കനായ ജോണ്‍ മനുഷ്യസ്‌നേഹിയാണ്, പ്രകൃതിസ്‌നേഹിയും. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ പലപ്പോഴും നിഷേധിക്കുകയായിരുന്നു ജോണിന്. എങ്കിലും ഒന്നുരണ്ടു അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി 2012 ല്‍ ‘ബെസ്റ്റ് സെക്കന്റ് പാര്‍ട്ടിസിപ്പേറ്റര്‍’ അവാര്‍ഡ് നല്‍കി. ഒപ്പം വിവിധതരം മാങ്ങകള്‍ അവതരിപ്പിച്ചതിന്.്മൃശല്യേ ീള ാമിഴീ റശേെൃശയൗശേീി ഉം നല്‍കി 2017 – 18 കേരകേസരി അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. എങ്കിലും ജോണിനെ സ്‌നേഹിക്കുന്ന ഒരുപാട് സൗഹൃദങ്ങളുണ്ട്. അതാണേറ്റവും നല്ല അവാര്‍ഡെന്നു വിശ്വസിക്കുന്നയാളാണു ജോണ്‍. തന്റെ തോട്ടത്തിലെ നാണ്യവിളകള്‍ മാത്രമാണ് ജോണ്‍ വില്‍ക്കുന്നത്. പഴങ്ങളും പച്ചക്കറികളുമെല്ലാം സ്വന്തം വീട്ടിലെക്കെന്നപോലെ സുഹൃത്തുക്കള്‍ക്കും കൈമാറുകയാണ് പതിവ്. നാണ്യവിളകളുടെ വിളവെടുപ്പിനായി ബംഗാളികളെയാണദ്ദേഹം ആശ്രയിക്കുന്നത്. സീസണുകളില്‍ വരുന്ന അവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി മറ്റൊരു ചെറിയ വീടുണ്ട്. അവര്‍ നല്‍കിയ സംഭാവനകളിലൊന്നാണ് ബംഗാളിചേമ്പ്. സസ്യങ്ങളെക്കുറിച്ചറിയാനായി സ്‌കൂള്‍ കുട്ടികളും മറ്റും ഇദ്ദേഹത്തിന്റെ തോട്ടം സന്ദര്‍ശിക്കാറുണ്ട്. അത്തരത്തിലുള്ളവരെ സ്വീകരിക്കാന്‍ തന്റെ വിലപ്പെട്ട സമയം സന്തോഷത്തോടെ ജോണ്‍ മാറ്റിവെയ്ക്കുന്നു.

ജലാശയസംരക്ഷണമെങ്ങിനെയെന്നത് അദ്ദേഹം വിവരിക്കുന്നു. മഴക്കാലത്തെങ്കിലും കനാലുകളില്‍ ജലമൊഴുകണം. വേനലില്‍ ഡാം തുറന്നു വിടാന്‍ മാത്രമല്ല അവയെ ഉപയോഗിക്കേണ്ടത്. ഭൂപ്രൃകൃതിയുടെ മേല്‍നിരകളിലാണ് കനാലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊത്തും കിളയുമില്ലാതെ ഭൂമി വറ്റി വളരുകയാണ്. കൃഷി ഭവനുകളും പഞ്ചായത്തുകളും മുന്‍ കൈയ്യെടുത്ത് ഒരു വീട്ടിലൊരു കിണര്‍ എന്നയാശയം നടപ്പിലാക്കണം. മഴകുഴികള്‍ തീര്‍ത്തും ഉപയോഗ ശൂന്യമാണെന്നദ്ദേഹം വിലയിരുത്തുന്നു. കിണറുകളില്‍ 8 മാസമെങ്കിലും ജലമുണ്ടാവാതിരിക്കില്ല. സിമന്റിന്റെ അതിപ്രസരം ഒഴിവാക്കണം. വീടുകൡ കുഴല്‍ കിണറുകള്‍ അനുവദിക്കാതിരിക്കുക. കൃഷിയിടങ്ങളില്‍ മാത്രം ഭൂഗര്‍ഭജലം വേണമെങ്കിലാവാം ആ ജലം മണ്ണിലേക്ക് തന്നെയാണല്ലോ ഊര്‍ന്നിറങ്ങുന്നത്. തണലുറങ്ങുന്ന വഴികൡൂടെ നടന്നുകേറുമ്പോള്‍ 10 ഏക്കര്‍ ഞാന്‍ നടന്നോ എന്നചിന്ത. മാംഗോസ്റ്റിന്റെ കായകള്‍ കാണിച്ചു തന്നപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തുപോയി.

മഞ്ജു ജോണ്‍ ഉണ്ടാക്കി തന്ന മാംഗോജ്യൂസും കടച്ചക്ക ചിപ്‌സും കറുത്ത ഹല്‍വയും കഴിച്ച് യാത്ര പറയുമ്പോള്‍ സുഹൃത്തുക്കളായോന്നോര്‍മ്മപ്പെടുത്തല്‍. ജോണ്‍ സൗഹൃദങ്ങളിഷ്ടപ്പെടുന്നു. തോട്ടത്തിലെത്തുന്നവര്‍ക്ക് ചെടികളെ കുറിച്ച് അറിവ് പകരാനും സല്‍ക്കരിക്കാനും. തങ്കച്ചന്‍ ജോണെന്ന ജോണ്‍ എന്റെയും സുഹൃത്തായിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്കുമുതകട്ടെ. 9447034614

 

You must be logged in to post a comment Login