ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ചാവേറായിരുന്നെന്ന് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍

കോളജ് വിദ്യാര്‍ഥിനി ആയിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്കു തിരഞ്ഞെടുത്തതു ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ ആണെന്നും ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു.

David-headley00
മുംബൈ: ഗുജറാത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാന്‍ ലഷ്‌കറെ തയിബയുടെ ചാവേറായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലി. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ ചാവേറായിരുന്നു ജഹാനെന്ന് ലഖ്‌വി തന്നോട് പറഞ്ഞിരുന്നു.

ഹെഡ്‌ലി ഇതിനുമുന്‍പും ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കോളജ് വിദ്യാര്‍ഥിനി ആയിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്കു തിരഞ്ഞെടുത്തതു ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ ആണെന്നും ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു. ഹെഡ്‌ലിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം യുഎസില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലഷ്‌കറെ തയിബയ്ക്ക് വനിതാ ചാവേര്‍ സംഘമുള്ളതായും ഹെഡ്‌ലി മൊഴി നല്‍കി. യുഎസിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹെഡ്‌ലി കോടതിയില്‍ മൊഴി നല്‍കിയത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കറെ തയിബ സംഘം എന്ന് ആരോപിച്ചാണു മലയാളിയായ ജാവേദ് ഷെയ്ഖി (പ്രാണേഷ്‌കുമാര്‍), ഇസ്രത്ത്, കശ്മീര്‍ സ്വദേശി അംജദ് അലി (രാജ്കുമാര്‍ അക്ബര്‍ അലി റാണ), പാക്കിസ്ഥാനില്‍ നിന്നുള്ള ജയ്‌സന്‍ ജോഹര്‍ എന്നിവരെ അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം പൊലീസ് വധിച്ചത്.

2004 ജൂണ്‍ 15നു പുലര്‍ച്ചെ നാലുമണിക്ക് നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, ഇതിനും ഒരുദിവസം മുന്‍പുതന്നെ നാലുപേരെയും പൊലീസ് ക്രൂരമായി വധിച്ചിരുന്നതായി എസ്‌ഐടി കണ്ടെത്തി. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

You must be logged in to post a comment Login