ഇസ്‌റത് ജഹാന്‍: ഒളിവിലായിരുന്ന എ.ഡി.ജി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി

അഹമ്മദാബാദ്: ഇസ്‌റത് ജഹാന്‍ കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന ഗുജറാത്ത് എ.ഡി.ജി.പി പി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി. നെഞ്ച് വേദനയെന്നു പറഞ്ഞാണ് അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയില്‍ പാണ്ഡേ അഡ്മിറ്റായത്. ഇന്ന് വിചാരണ കോടതിയില്‍ ഹാജരാവണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനിടെയാണ് നാടകീയമായി പാണ്ഡേ അഡ്മിറ്റായത്. ഇസ്‌റത് ജഹാന്‍ കേസില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പാണ്ഡേയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

2004ല്‍ മുംബൈ സ്വദേശിയായ ഇസ്‌റത് ജഹാന്‍, മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് എന്നിവരടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊന്ന കേസില്‍ മുഖ്യപ്രതിയാണ് അന്ന് ജോയിന്റ് കമീഷണറായിരുന്ന പാണ്ഡേയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇവരെ പിടിച്ചു കൊണ്ടുവന്ന് വെടിവെച്ചു കൊന്നശേഷം ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന് സ്ഥാപിക്കാനുള്ള പദ്ധതിയുടെ ആസൂത്രകരില്‍ ഒരാളാണ് പാണ്ഡേയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പരിപാടിയിട്ടു എന്ന ആരാപണത്തിന് മറവിലാണ് ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

 

 

You must be logged in to post a comment Login